ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്താകും ; ഉത്തരവ് പാലിക്കാത്തവര്‍ക്ക് അടുത്ത മാസം നാലു മുതല്‍ പൗരോഹിത്യ ശുശ്രൂഷയില്‍നിന്നു വിലക്കേര്‍പ്പെടുത്തും

ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്ക് പുറത്താകും ; ഉത്തരവ് പാലിക്കാത്തവര്‍ക്ക് അടുത്ത മാസം നാലു മുതല്‍ പൗരോഹിത്യ ശുശ്രൂഷയില്‍നിന്നു വിലക്കേര്‍പ്പെടുത്തും


കൊച്ചി: അടുത്ത മാസം മൂന്നുമുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്കു പുറത്തായിരിക്കുമെന്ന മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ. നടപടി നേരിടുന്ന വൈദികര്‍ക്ക് വിവാഹം നടത്താനും അധികാരമുണ്ടാകില്ലെന്നും സര്‍ക്കുലര്‍. എറണാകുളം- അങ്കമാലി അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണു സര്‍ക്കുലര്‍ ഇറക്കിയത്. ഇത് അടുത്ത ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം.

സഭ മാര്‍ത്തോമ്മാ ദിനമായി ആചരിക്കുന്ന ദിവസമാണ് ജൂലൈ മൂന്ന്. ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടുതവണ കത്തിലൂടെയും ഒരു തവണ വീഡിയോ സന്ദേശത്തിലൂടെയും ആവശ്യപ്പട്ടതാണെന്നു സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് പാലിക്കാത്ത വൈദികര്‍ക്ക് അടുത്ത മാസം നാലു മുതല്‍ പൗരോഹിത്യ ശുശ്രൂഷയില്‍നിന്നു വിലക്കേര്‍പ്പെടുത്തും. ഇത് എല്ലാ വൈദികര്‍ക്കും ബാധകമായിരിക്കും. വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ കാര്‍മികരായി നടത്തുന്ന വിവാഹങ്ങള്‍ക്കു സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സര്‍ക്കുലറിലുണ്ട്.

അതിരൂപതയ്ക്കു പുറത്തു സേവനം ചെയ്യുകയോ ഉപരിപഠനം നടത്തുകയോ ചെയ്യുന്ന അതിരൂപതാ വൈദികര്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് സത്യവാങ്മൂലം നല്‍കണം. ഇതു നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാത്തവര്‍ക്കും പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിക്കുന്നതിനു വിലക്കേര്‍പ്പെടുത്തും. സത്യവാങ്മൂലം നല്‍കുന്നതുവരെ വൈദിക വിദ്യാര്‍ഥികള്‍ക്കു പുരോഹിത പട്ടം നല്‍കില്ല. മൂന്നിനുശേഷം ഏകീകൃത രീതിയില്‍ അല്ലാതെ അര്‍പ്പിക്കുന്ന കുര്‍ബാനയില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് സഭാംഗങ്ങളോടും അതിരൂപത നിര്‍ദേശിച്ചിട്ടുണ്ട്.

സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയില്‍ തുടരാന്‍ ആരെയും അനുവദിക്കില്ല. സിറോ മലബാര്‍ സഭയിലെ എല്ലാ വൈദികര്‍ക്കും ഇൗ ഉത്തരവ് ബാധകമായിരിക്കും. 14-ന് സിറോ മലബാര്‍സഭ ഓണ്‍ലൈനിലൂടെ അടിയന്തര സിനഡ് യോഗം ചേരും.