പ്രതിസന്ധിഘട്ടത്തില്‍ വയനാട്ടുകാര്‍ സംരക്ഷണം നല്‍കി, നന്ദി പറയേണ്ടത് എങ്ങനെയെന്നറിയില്ല'; രാഹുൽ ഗാന്ധി


പ്രതിസന്ധിഘട്ടത്തില്‍ വയനാട്ടുകാര്‍ സംരക്ഷണം നല്‍കി, നന്ദി പറയേണ്ടത് എങ്ങനെയെന്നറിയില്ല'; രാഹുൽ ഗാന്ധി


വയനാട്ടിലെ ജനങ്ങൾക്ക് അയച്ച കത്തിലാണ് കോൺഗ്രസ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്


വയനാട് : പ്രതിസന്ധിഘട്ടങ്ങളില്‍ തകര്‍ന്നിരുന്ന നിമിഷങ്ങളില്‍ കരുത്തായി നിന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ഗാന്ധി. വയനാട് തന്റെ്‌ കുടുംബമെന്നും വയനാട് നൽകിയ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല എന്നും രാഹുൽ പറഞ്ഞു. തനിക്ക് സങ്കടമുണ്ട്, ഏറ്റവും ആവശ്യമുള്ളപ്പോള്‍ നിങ്ങളെനിക്ക് സംരക്ഷണം നല്‍കി ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നു, ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാടിനെ പാർലമെന്റിൽ പ്രതിനിധീകരിക്കാൻ ഇനി തന്റെ സഹോദരിയായ പ്രിയങ്ക ഗാന്ധി ഉണ്ടാകും. എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുമെന്ന് തനിക്കു ഉറപ്പുണ്ട്. വയനാടിന് സന്തോഷം നൽകുന്ന തീരുമാനമെന്ന നിലയിൽ പ്രിയങ്ക ഗാന്ധിയെ തനിക്ക്പകരം മത്സരിപ്പിക്കുന്ന തീരുമാനം. ദുഷ്‌കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും. താനും പ്രിയങ്കയുമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം .റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ദുഷ്‌കരമായിരുന്നുവെന്നും രാഹുല്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും പരാജയപ്പെടുത്തുക എന്നതാണ് തന്റെ പ്രതിബദ്ധതയെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു മാതാവിനെ പോലെ ചേര്‍ത്തണച്ച വയനാടിനൊടൊപ്പം എന്നും താന്‍ കൂടെയുണ്ടാകുമെന്ന് വാക്ക് നല്‍കുന്നുവെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്.

ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച രാഹുൽ ഗാന്ധി നേരത്തെ വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിർത്താനും തീരുമാനിച്ചിരുന്നു. റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരു മണ്ഡലങ്ങളില്‍ ഏത് നിലനിർത്തും ഏത് ഉപേക്ഷിക്കുമെന്ന ദിവസങ്ങൾ നീണ്ട ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. 2019ൽ അമേത്തിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിച്ച രാഹുൽ അമേത്തിയിൽ പരാജയമറിയുകയും വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിക്കുകയുമായിരുന്നു.