
ന്യൂദല്‍ഹി: ദക്ഷിണേഷ്യന്‍ ലേഖകനെന്ന നിലയില്‍ ജോലിചെയ്യുന്ന ഫ്രഞ്ച് പത്രപ്രവര്‍ത്തകന് ഇന്ത്യ ജേണലിസ്‌റ്റ് പെര്‍മിറ്റ് പുതുക്കി നല്‍കിയില്ലെന്ന് ആരോപണം. പതിമൂന്നു വര്‍ഷം ഇന്ത്യയിലുണ്ടായിരുന്ന സെബാസ്‌റ്റ്യന്‍ ഫാര്‍സിസ് എന്ന പത്രപ്രവര്‍ത്തകനാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ നിഷേധിച്ചതിനാല്‍ ഫ്രാന്‍സിലേക്കു മടങ്ങാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് ഫാര്‍സിസ് പറയുന്നു. സംഭവത്തെ ദുര്‍ഗ്രാഹ്യമായ സെന്‍സര്‍ഷിപ്പ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍, റേഡിയോ ഫ്രാന്‍സ് ലിബറേഷന്‍, സ്വിസ്- ബെല്‍ജിയന്‍ പബ്ലിക് റേഡിയോകള്‍ എന്നിവയ്‌ക്കുവേണ്ടയാണ് സെബാസ്‌റ്റ്യന്‍ ഫാര്‍സിസ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.
അധികാരികള്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 17 ന് താന്‍ ഇന്ത്യ വിട്ടതായി സമൂഹമാധ്യമമായ എക്‌സില്‍ അദ്ദേഹം കുറിപ്പെഴുതി.
മാര്‍ച്ച് ഏഴിന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം പത്രപ്രവര്‍ത്തക പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ നിരസിച്ചെന്നും ജോലി തടഞ്ഞെന്നും വരുമാനം നഷ്‌ടപ്പെടുത്തിയെന്നും ഫാര്‍സിസിന്റെ കുറിപ്പില്‍ പറയുന്നു. ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും തൊഴില്‍ നിഷേധിച്ചതിന്റെ കാരണം ആഭ്യന്തര വകുപ്പ് വ്യക്‌തമാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
2011 മുതല്‍ ഇന്ത്യയില്‍ ജോലിചെയ്യുന്ന തനിക്ക് ആവശ്യമായ വിസകളും അക്രഡിറ്റേഷനുകളുമുണ്ടെന്നാണ് ഫാര്‍സിസ് അവകാശപ്പെടുന്നത്‌്.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതോ സംരക്ഷിതമോ ആയ പ്രദേശങ്ങളില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍പോലും ആഭ്യന്തര മന്ത്രാലയം പലപ്പോഴും തന്നെ അനുവദിച്ചിട്ടുണ്ട്.
അതുകൊണ്ട് ഇപ്പോഴത്തെ പെര്‍മിറ്റ് നിഷേധം വലിയ ഒരു ഞെട്ടലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്നാണു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് വിലക്കുന്നതായുള്ള വിവരം ലഭിച്ചത്. ഒരു കാരണവുമില്ലാതെയാണ് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടത്- ഫാര്‍സിസ് പറയുന്നു. താന്‍ ഇന്ത്യന്‍ സ്‌ത്രീയെ വിവാഹം കഴിച്ച വ്യക്‌തിയാണെന്നും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) പദവി വഹിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
അതേസമയം, ഫ്രഞ്ച് പത്രപ്രവര്‍ത്തകന്റെ വാദം ഇന്ത്യ നിഷേധിച്ചു. ഫാര്‍സിസിന്റെ കൈവശം ഒ.സി.ഐ. കാര്‍ഡുണ്ടെന്നും എന്നാല്‍ പത്രപ്രവര്‍ത്തനം നടത്താന്‍ അനുമതിയോ വര്‍ക്ക് പെര്‍മിറ്റോ ആവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്‌തമാക്കി.