സിപിഎം വിട്ട മനു തോമസിന് പൊലീസ് സംരക്ഷണം; ഉത്തരവിറക്കി കണ്ണൂർ റൂറൽ എസ്പി

സിപിഎം വിട്ട മനു തോമസിന് പൊലീസ് സംരക്ഷണം; ഉത്തരവിറക്കി കണ്ണൂർ റൂറൽ എസ്പി


കണ്ണൂരിലെ സിപിഐഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉയർത്തി പാർട്ടി വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനു തോമസിന് പൊലീസ് സംരക്ഷണം. വീടിനും മനുവിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകും. കണ്ണൂർ റൂറൽ എസ്പിയുടേതാണ് ഉത്തരവ്. ആലക്കോട്, തളിപ്പറമ്പ്, തലശ്ശേരി പൊലീസ് സ്റ്റേഷനുകൾക്കാണ് സുരക്ഷാ ചുമതല നൽകിയിട്ടുള്ളത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.

അതേസമയം സുരക്ഷ വേണ്ടെന്ന് പൊലീസിനെ മനു തോമസ് അറിയിച്ചിരുന്നു. സിപിഐഎം നേതാവ് പി ജയരാജനെതിരെ ആണ് ​ഗുരുതര ആരോപണങ്ങളുമായി മനു രം​​ഗത്തെത്തിയത്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ‌ മനു തോമസിന് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. മുഴുവൻ സമയ സുരക്ഷ എന്ന നിലക്കല്ല ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. മനു സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പൊലീസ് സംരക്ഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.

ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ പാർട്ടിയിൽ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു. അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല വൈകൃതമായിരുന്നുവെന്ന് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

മനു തോമസിന്റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ അന്വേഷണം വേണമെന്നാണ് കണ്ണൂർ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിലും ഉന്നയിക്കുകയും ചെയ്തിരുന്നു.