കടയിൽ ചായ കുടിക്കുന്നതിനിടെ പന്തയംവെച്ചു; കെ. മുരളീധരൻ തോറ്റതോടെ വാക്കു പാലിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകൻ; 'വാഗൺ ആർ' സുഹൃത്തിന് കൈമാറുമെന്ന് ചാവക്കാട് സ്വദേശി

കടയിൽ ചായ കുടിക്കുന്നതിനിടെ പന്തയംവെച്ചു; കെ. മുരളീധരൻ തോറ്റതോടെ വാക്കു പാലിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകൻ; 'വാഗൺ ആർ' സുഹൃത്തിന് കൈമാറുമെന്ന് ചാവക്കാട് സ്വദേശി

തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പരാജയപ്പെട്ടതോടെ സുഹൃത്തുമായി വച്ച പന്തയം പാലിക്കാൻ കോൺഗ്രസ് പ്രവർത്തകൻ. തന്റെ കാർ സുഹൃത്തിന് കൈമാറി പന്തയം പാലിക്കുമെന്നാണ് ചാവക്കാട് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബൈജു തെക്കൻ പറയുന്നത്.

വ്യാഴാഴ്ച രാവിലെ നാട്ടിലെ ക്ഷേത്ര പരിസരത്തുവച്ചാകും പന്തയംവെച്ച സുഹൃത്തിന് കാർ കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ വിജയിക്കുമെന്നാണ് അടിയുറച്ച് വിശ്വസിച്ചിരുന്നതെന്നും അതിനാലാണ് കാർ നൽകുമെന്ന് പറഞ്ഞതെന്നും ബൈജു പ്രതികരിച്ചു. സെയിൽ ലെറ്റർ തയ്യാറാക്കി. നാളെ രാവിലെ ക്ഷേത്ര പരിസരത്തുവെച്ച് കാർ കൈമാറും.

കടയിൽ ചായ കുടിക്കുന്നതിനിടെയാണ് ബൈജുവും സുഹൃത്തായ ചില്ലി സുനിയും തിരഞ്ഞെടുപ്പ് പന്തയത്തിലേർപ്പെട്ടത്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ കെ.മുരളീധരൻ തോറ്റാൽ തന്റെ 'വാഗൺ ആർ' കാർ സുഹൃത്തും ബിജെപി. പ്രവർത്തകനുമായ സുനിക്ക് നൽകുമെന്നായിരുന്നു ബൈജു പറഞ്ഞിരുന്നത്. സുരേഷ് ഗോപി തോറ്റാൽ സുനി അദ്ദേഹത്തിന്റെ 'സ്വിഫ്റ്റ്' കാർ ബൈജുവിന് നൽകാമെന്നും പന്തയംവെച്ചു. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് പന്തയം പാലിക്കുമെന്നും കാർ കൈമാറുമെന്നും ബൈജു അറിയിച്ചത്.

ഇത്ര വലിയ പന്തയം വേണ്ടില്ലായിരുന്നുവെന്ന് പലരും ഉപദേശിച്ചിരുന്നു. പക്ഷേ, വാക്കാണല്ലോ പ്രധാനം. പന്തയത്തിൽ ഖേദമില്ലെന്നും ബൈജു പറഞ്ഞു. കെ. മുരളീധരന്റെ തോൽവിയിൽ നിരാശരാണ്. കോൺഗ്രസ് നേതൃത്വം തന്നെ മോശമായരീതിയിലാണ് പ്രവർത്തനം നടത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് പല ഭാരവാഹികളെയും കുത്തിക്കയറ്റി. തൃശ്ശൂരിൽ പാർട്ടി ക്ഷീണത്തിലാണെന്നും അദ്ദേഹം പറഞ്ഞു