ആദ്യമെത്തിയത് അഷ്റഫ്, പിന്നാലെ റഹിയാനത്തിന്‍റെ വിളിയെത്തി, വിശ്വസിച്ച് പണം നൽകിയതോടെ മുങ്ങി! പക്ഷേ പിടിവീണു



ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം  മട്ടന്നൂർ പൊലീസിന്‍റെ പിടിയിൽ



കണ്ണൂർ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം കണ്ണൂർ മട്ടന്നൂർ പൊലീസിന്‍റെ പിടിയിൽ. പണയം വെച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാനെന്ന പേരിൽ പണം തട്ടിയ കേസിലാണ് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായത്. കണ്ണൂർ ബാങ്ക് റോഡിലെ അനുശ്രീ ജ്വല്ലറിയിലാണ് തട്ടിപ്പ് നടത്താൻ പ്രതികൾ ശ്രമിച്ചത്.

ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കുന്ന സ്ഥാപനമാണ് ഇത്. ഇവിടേക്ക് കഴിഞ്ഞ ദിവസം ഉച്ചക്ക് അഷ്റഫ് എന്നയാളാണ് ആദ്യം എത്തിയത്. നമ്പർ വാങ്ങി മടങ്ങിയ ഇയാൾ രണ്ട് മണിക്കൂർ കഴിഞ്ഞ് വിളിച്ചു. മട്ടന്നൂരിലെ എസ് ബി ഐ ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കലായിരുന്നു ആവശ്യം. പണവുമായി ജ്വല്ലറി ജീവനക്കാരൻ ദിനേശനെ ഓട്ടോറിക്ഷയിൽ പറഞ്ഞയക്കാൻ തീരുമാനിച്ചു. പിന്നാലെ ഒരു സ്ത്രീയുടെ വിളി വന്നു. കാര്യം പറഞ്ഞതോടെ പതിനഞ്ച് ലക്ഷവുമായി ദിനേശൻ മട്ടന്നൂരിലേക്ക് പോയി. അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു റഹിയാനത്ത്. വിശ്വാസമായതോടെ ദിനേശൻ പണം നൽകി. ശേഷം വിദഗ്ധമായി റഹിയാനത്ത് മുങ്ങുകയായിരുന്നു.

പണം പോയെന്നറിഞ്ഞതോടെ ദിനേശൻ മട്ടന്നൂർ പൊലീസിൽ പരാതി നൽകി. ഉളിയിൽ സ്വദേശിയായ റഹിയാനത്തും ഭർത്താവ് റഫീഖും സംഘവും പിന്നാലെ പൊലീസിന്‍റെ പിടിയിലായി. പുതിയങ്ങാടി സ്വദേശി റാഫി, പഴശ്ശി ഡാം സ്വദേശി റസാഖ് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. ഇവരെയും പൊലീസ് പിടികൂടി. ബാങ്കിലെയും ജ്വല്ലറിയിലെയും സി സി ടി വി ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. തട്ടിപ്പിനായി പ്ത്യേകം മൊബൈൽ ഫോണും സിമ്മും ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. കാസർകോടും പഴയങ്ങാടിയിലും ഇവർ സമാന തട്ടിപ്പ് നടത്തിയെന്നും വിവരമുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.