അര്‍ജുനായുള്ള തെരച്ചിൽ തുടങ്ങി; റഡാര്‍ ഡിവൈസ് ഉടൻ എത്തും, മണ്ണുനീക്കി ലോറിയിലേക്ക് 100 മീറ്ററെന്ന് വിലയിരുത്തൽ


അര്‍ജുനായുള്ള തെരച്ചിൽ തുടങ്ങി; റഡാര്‍ ഡിവൈസ് ഉടൻ എത്തും, മണ്ണുനീക്കി ലോറിയിലേക്ക് 100 മീറ്ററെന്ന് വിലയിരുത്തൽ


ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അര്‍ജുനെ തേടിയുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് രാവിലെ 5.30ന് പുനഃരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും വൈകിയാണ് തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിക്ക് തെരച്ചിൽ നിർത്തിവയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി രക്ഷാപ്രവ‍ർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചിൽ അൽപസമയം കൂടി തുടരുകയും ചെയ്തു. എന്നാൽ മേഖലയിൽ മഴ അതിശക്തമായ മഴ പെയ്തതോടെ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യത ഭയന്ന്  തെരച്ചിൽ നിർത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിച്ചു. ഇന്ന് എൻഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്  എന്നീ സംഘങ്ങൾ ഇന്ന് ശക്തമായ തിരച്ചിൽ നടത്തുന്നു എന്നാണ് ഷിരൂരിൽ നിന്നുള്ള വിവരം.  വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക.

വൈകാതെ റഡാർ ഉപകരണം സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. ലോറിയുള്ള സ്ഥലം ഈ റഡാർ വഴി  കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കോഴിക്കോട്ടെ വീട്ടിൽ അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അര്‍ജുന്‍റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടിരുന്നു.

റഡാര്‍ ഡിവൈസടക്കമുള്ള ആധുനിക സജ്ജീകരണങ്ങൾ ഉടൻ എത്തിക്കും. ലോറിയിലേക്കെത്താൻ 100 മീറ്റര്‍ കൂടി മണ്ണ് നീക്കേണ്ടതായി വരുമെന്ന് കേരളത്തിൽ നിന്നുള്ള എംവിഐ ചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം, കേരളത്തിൽ നിന്നുള്ള എംവിഐ സംഭവസ്ഥലത്തേക്ക് കടത്തിവിടുന്നില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എസ്പി എത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കൂ എന്ന നിലപാടിലാണ് പൊലീസ്. തുടര്‍ന്ന് കേരളാ മോട്ടോര്‍ വെഹിക്കിൾ ഉദ്യോഗസ്ഥര്‍ മടങ്ങി.