എസ്‍യുവിയിൽ കടത്തിക്കൊണ്ട് വന്നത് 8 ലക്ഷത്തിന്‍റെ ലഹരി, തോൽപ്പട്ടിയിൽ കുടുങ്ങി; വയനാട്ടില്‍ വൻ ലഹരിവേട്ട


എസ്‍യുവിയിൽ കടത്തിക്കൊണ്ട് വന്നത് 8 ലക്ഷത്തിന്‍റെ ലഹരി, തോൽപ്പട്ടിയിൽ കുടുങ്ങി; വയനാട്ടില്‍ വൻ ലഹരിവേട്ട


മാനന്തവാടി: വയനാട്ടിൽ വീണ്ടും വൻ ലഹരിവേട്ട. വിപണിയില്‍ എട്ട് ലക്ഷത്തോളം വില മതിക്കുന്ന കാല്‍ കിലോയിലധികം എം.ഡി.എം.എ യുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. കാഞ്ഞങ്ങാട്, പുല്ലൂര്‍ പാറപ്പള്ളി വീട്ടില്‍ മുഹമ്മദ് സാബിര്‍(31) നെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും  265.55 ഗ്രാം എം.ഡി. എം.എയാണ് പിടിച്ചെടുത്തത്. കാസര്‍ഗോഡ് ജില്ലയില്‍ അടക്കം ചില്ലറ വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്നു എന്നാണ് സൂചന. 

തോല്‍പ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെയായിരുന്നു പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച എസ് യു വി കാറും  പൊലീസ് പിടിച്ചെടുത്തു. ടി. മിനിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുഷാദ്, ജിതിന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

അതിനിടെ ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 54.39 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത കേസിൽ ഒരാൾ കൂടി ഇന്ന് പിടിയിലായിരുന്നു. കേസിലെ മൂന്നാം പ്രതിയായ മാട്ടൂൽ സ്വദേശി അഹമ്മദാലിയെ ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തതത്.  വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്, മറ്റൊരു കേസിൽ കൂത്തുപറമ്പ് സബ് ജയിലിൽ റിമാണ്ടിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.