'ഗ്രൗണ്ടിൽ ഇറക്കില്ല, അവസരം ഇല്ലാതാക്കും, നഗ്ന ഫോട്ടോയെടുക്കാൻ നിർബന്ധിച്ചു'; കെസിഎ മുൻ കോച്ചിനെതിരെ കുട്ടികൾ

'ഗ്രൗണ്ടിൽ ഇറക്കില്ല, അവസരം ഇല്ലാതാക്കും, നഗ്ന ഫോട്ടോയെടുക്കാൻ നിർബന്ധിച്ചു'; കെസിഎ മുൻ കോച്ചിനെതിരെ കുട്ടികൾ


തിരുവനന്തപുരം: പോക്സോ കേസിൽ റിമാൻഡിലായ കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ കോച്ച് മനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളും രക്ഷിതാക്കളും. ക്രിക്കറ്റ് കളിക്കാനുള്ള അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്നഫോട്ടോയെടുക്കാൻ വരെ നിർബന്ധിച്ചുവെന്നാണ് പരാതി. വേദന സംഹാരിക്കു പകരം മയക്കുമരുന്ന് നൽകിയും മനു കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. ആറ് പോക്സോ കേസിൽ പ്രതിയായ മനുവിനെ ഇന്ന് കന്‍റോൺമെന്‍റ് പൊലീസ് കസ്റ്റഡിൽ വാങ്ങും.

കെസിഎയുടെ കോച്ചായ മനുവിനെതിരെ രണ്ടു വർഷം മുമ്പാണ് ഒരു പെണ്‍കുട്ടി പരാതി നൽകുന്നത്. കൻോമെൻ് പൊലീസ് കേസെടുത്ത് കുറ്റപത്രം നൽകിയെങ്കിലും കോടതിയിൽ പരാതിക്കാരി മൊഴി മാറ്റിയതോടെ മനുവിനെ കുറ്റവിമുക്തനാക്കി. പോക്സോ കേസിൽ പ്രതിയായിട്ടും മനുവിനെ മാറ്റാൻ കെസിഎ തയ്യാറായില്ല. ഒരു മാസം മുമ്പ് വീണ്ടും ക്രിക്കറ്റ് ക്യാമ്പിലെത്തിയ ഒരു പെണ്‍കുട്ടിയാണ് രണ്ടു വർഷം മുമ്പുണ്ടായ ദുരനുഭവം പരാതിയായി പൊലീസിന് നൽകിയത്. 

കുട്ടി മൊഴിയിൽ ഉറച്ചുനിന്നതോടെ കഴിഞ്ഞ മാസം 12 ന് മനുവിനെ അറസ്റ്റ് ചെയ്തു. മനു ഇപ്പോൾ ജയിലിലാണ് പിന്നാലെ അഞ്ചു പരാതികള്‍ കൂടിവന്നു. തെങ്കാശിയിൽ ക്രിക്കറ്റ് പരിശീലനത്തിനെന്ന പേരിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ഒരു പരാതി. തലയിൽ പന്തുകൊണ്ടപ്പോള്‍ വേദനസംഹാരിക്കു പകരം മയങ്ങാനുള്ള മരുന്നു നൽകി ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്. മനുവിന്‍റെ താൽപര്യങ്ങള്‍ക്ക് വഴങ്ങാത്ത കുട്ടികളെ ടൂർമെൻറുകളിൽ നിന്നും ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നാണ് ഇപ്പോള്‍ ചില രക്ഷിതാക്കള്‍ തുറന്നു പറയുന്നത്. സ്വന്തം ഫോണ്‍ നൽകിയ ശേഷം കുട്ടികളോട് നദ്നചിത്രം പകർത്തി നൽകാൻ വരെ ആവ്യപ്പെട്ടിരുന്നു.

കുട്ടികള്‍ക്ക് ടൂർണമെണമെൻറുകളിൽ സെലക്ഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ചില രക്ഷിതാക്കളിൽ നിന്നും പണവും മുന്തിയ ഫോണും മനു വാങ്ങിയതുള്‍പ്പെടെ അന്വേഷിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കെസിഎയുടെ ഭാഗത്ത് ഈ സംഭവത്തിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണ്. പീഡന പരാതി ഉണ്ടായിട്ടും പരിശീലക സ്ഥാനത്ത് വീണ്ടും മനുവിനെ നിയോഗിച്ചതടക്കം കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിക്കൂട്ടിലാണ്. ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസിന്‍റെ നീക്കം.