ഇരിട്ടി മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം- എസ്എൻഡിപി

ഇരിട്ടി മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം-  എസ്എൻഡിപി     
ഇരിട്ടി: ഇരിട്ടി മേഖലയിലെ മലയോര പഞ്ചായത്തുകളായ പയ്യാവൂർ, ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം, മുഴക്കുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, കോളയാട് പഞ്ചായത്തുകളിലെ  വനാതിർത്തിയോട്  ചേർന്നുകിടക്കുന്ന ജനവാസ മേഖലകളിൽ കാട്ടാനകൾ  പ്രദേശവാസികളുടെ കൃഷിയിടങ്ങൾ അടക്കം നശിപ്പിക്കപ്പെടുകയും  ജീവന് ഭീഷണി ആവുകയും ചെയ്യുന്ന സാഹചര്യത്തിൽ  വനം വകുപ്പിന്റെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഊർജ്ജിതമായ നടപടിക്രമങ്ങൾ  ഉണ്ടാകണമെന്ന് ഇരിട്ടി എസ് എൻ ഡി പി യൂണിയൻ പ്രവർത്തക കോൺഫ്രൻസ് വനം വകുപ്പിനോടും കേരളാ സർക്കാരിനോടും ആവശ്യപ്പെട്ടു.  വനാതിർത്തിയോട് ചേർന്ന് സോളാർ വേലി അടക്കമുള്ള പ്രതിരോധ നടപടികൾ ഉടൻതന്നെ ആരംഭിക്കണമെന്നും  ഓരോ പഞ്ചായത്തിലും ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്നും കോൺഫ്രൻസ് ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും  വനം വകുപ്പ് മന്ത്രിക്കും നിവേദനം  സമർപ്പിക്കാനും  ആഗസ്റ്റ് 20ന് ശ്രീനാരായണഗുരു ജയന്തി ശാഖകളിലും യൂണിയനിലും വളരെ വിപുലമായ രീതിയിൽ ആചരിക്കാനും തീരുമാനിച്ചു.  
പ്രവർത്തക കോൺഫ്രൻസ്   സ്വാമിപ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.  യൂണിയൻ പ്രസിഡന്റ് കെ. വി. അജി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ      യൂണിയൻ ഭാരവാഹികളായ എ. എം. കൃഷ്ണൻകുട്ടി, പി.ജി. രാമകൃഷ്ണൻ, ജിൻസ് ഉളിക്കൽ, ശശി തറപ്പേൽ, പി. കെ. ചന്ദ്രമതി ടീച്ചർ,      യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനയ്ക്കൽ, ജയരാജ് പുതുക്കുളം, ബിജുമോൻ മുത്താറിക്കുളം,              രാമചന്ദ്രൻ കുളിഞ്ഞ, വനിതാ സംഘം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിർമ്മലാ അനിരുദ്ധൻ, രാധാമണി ഗോപി, വത്സ ധനേന്ദ്രൻ, ഓമനാ വിശ്വംഭരൻ,  ലതാകല്യാട് എന്നിവർ സംസാരിച്ചു.   ശാഖ ഭാരവാഹികൾക്കുള്ള  പയർ, പാവയ്ക്ക  ഉൾക്കൊള്ളുന്ന  പച്ചക്കറി വിത്തുകളുടെ കിറ്റുകളും  വിതരണം ചെയ്തു