കെട്ടിക്കിടന്ന വെള്ളം മാറ്റിയില്ല, കൂത്താടി പെറ്റുപെരുകി, പുല്ലൂർ സ്വദേശിക്ക് പിഴയിട്ട് കോടതി

കെട്ടിക്കിടന്ന വെള്ളം മാറ്റിയില്ല, കൂത്താടി പെറ്റുപെരുകി, പുല്ലൂർ സ്വദേശിക്ക് പിഴയിട്ട് കോടതി


ഇരിങ്ങാലക്കുട: ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ കൂത്താടികളെ നിർമ്മാർജനം ചെയ്യാതിരുന്നതിന് മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് കോടതി. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം അനുസരിക്കാതെ വന്നതിന് പിന്നാലെയാണ് ഇരിങ്ങാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2000 രൂപ പിഴയിട്ടത്. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ നൽകിയ പരാതിയിലാണ് കോടതി നടപടി.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പ് വിശദമാക്കിയത്. ചൊവ്വാഴ്ച മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. കേരളം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ ദില്ലിയിൽ കൂത്താടി നിർമ്മാർജനവുമായി സഹകരിക്കാത്തവർക്ക് പിഴയിൽ വലിയ വർധനവ് വേണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. 2021ൽ രാജ്യ തലസ്ഥാനത്ത് 9613 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു. 2021ൽ 23 പേരാണ് ദില്ലിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്