കേരളത്തിലാദ്യം! മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ആകാശമാർ​ഗം എത്തിച്ചത് കോടികളുടെ 'മൊതൽ'; ഒരാൾ അറസ്റ്റിൽ


കേരളത്തിലാദ്യം! മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ആകാശമാർ​ഗം എത്തിച്ചത് കോടികളുടെ 'മൊതൽ'; ഒരാൾ അറസ്റ്റിൽ


കൊച്ചി: കേരളത്തിൽ ആദ്യമായി ദ്രാവകരൂപത്തിൽ കൊക്കെയിൻ കടത്തിയതിന് കൊച്ചിയിൽ കേസ്. ഒന്നരക്കിലോയോളം കൊക്കെയിനുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കെനിയൻ പൗരൻ ഡിആർഐയുടെ പിടിയിലായി. മദ്യക്കുപ്പിയിലും മലദ്വാരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലും ലഹരി കടത്താനായിരുന്നു ശ്രമം. തലച്ചോറിനെ തകിടം മറിക്കുന്ന മാരക ലഹരിമരുന്നാണ് കൊക്കെയിൻ. ആദ്യമായാണ് ഇത് ദ്രാവകരൂപത്തിൽ കേരളത്തിലെത്തുന്നത്. രാജ്യാന്തര വിപണിയിൽ 13 കോടിയോളം രൂപയുടെ ലഹരിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർഐയുടെ വലയിലായത് കെനിയൻ പൗരനാണ്.

ചെക്കിൻ ബാഗേജുമായി പുറത്തുവന്നയാളെ ഡിആർഐ അടിമുടി പരിശോധിച്ചപ്പഴാണ് മാരകലഹരിയുടെ ചുരുളഴിഞ്ഞത്. മലദ്വാരത്തിൽ ഒളിപ്പിച്ച രീതിയിൽ 200 ഗ്രാം ക്യാപ്സ്യൂൾ രൂപത്തിലുള്ള കൊക്കെയിൻ ആദ്യം കണ്ടെത്തി. ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പി കണ്ടെത്തുന്നത്. കുപ്പി തുറന്നപ്പോൾ മദ്യമല്ല, ഒരു കിലോയും നൂറ് ഗ്രാമും തൂക്കം വരുന്ന കൊക്കെയിൻ ദ്രാവക രൂപത്തിലുള്ളതാണെന്ന് കണ്ടെത്താനായി. എവിടെ നിന്ന് എത്തിയെന്നതിലും ആർക്കുവേണ്ടിയാണ് കടത്തിയതെന്നതിലും ഡിആർഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ, ക്യാപ്സൂൾ രൂപത്തിൽ വിഴുങ്ങി 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസിൽ ടാൻസാനിയൻ യുവതി പിടിയിലായിരുന്നു. ടാൻസാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിൻറെ അറസ്റ്റാണ് ഡിആർഐ രേഖപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിൽ നിന്ന് 90 കൊക്കെയിൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്.