ഡല്‍ഹിയില്‍ ടീം ഇന്ത്യയ്ക്ക് വന്‍ വരവേല്‍പ്പ് ; പ്രധാനമന്ത്രിക്കൊപ്പം ​‍പ്രഭാതഭക്ഷണം ; വാങ്കഡേയില്‍ ടീമിന്റെ റോഡ്‌ഷോ

ഡല്‍ഹിയില്‍ ടീം ഇന്ത്യയ്ക്ക് വന്‍ വരവേല്‍പ്പ് ; പ്രധാനമന്ത്രിക്കൊപ്പം ​‍പ്രഭാതഭക്ഷണം ; വാങ്കഡേയില്‍ ടീമിന്റെ റോഡ്‌ഷോ


ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ടാം തവണ കിരീടവും ചൂടി ഇന്ത്യന്‍ ടീം ജന്മനാട്ടില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 6.40 ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരണം നല്‍കിയത്. ബാര്‍ബഡോസില്‍ കൊടുങ്കാറ്റിന്റെ സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന ടീമിന്റെ മടങ്ങിവരവ് കഴിഞ്ഞ ദിവസമാണ് നീങ്ങിയത്.

ടീമിന് ആവേശ്വോജ്ജ്വല വരവേല്‍പ്പാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തില്‍ ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിലേക്ക് പോയ ടീം ഹൃസ്വമായ വിശ്രമത്തിന് ശേഷം പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ പോയി. വൈകിട്ട് മുംബൈ വാങ്കഡേയില്‍ ടീം ആരാധകരെ കാണും. മറൈന്‍ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യന്‍ ടീമിന്റെ റോഡ്‌ഷോ നടത്താനാണ് പദ്ധതി.

പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്. ആരാധകരെ ആവേശത്തിലാക്കി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലിയാണ് വിമാനത്താവളത്തിന് പുറത്ത് ആദ്യമെത്തിയത്. പിന്നാലെ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ബൗളിങ് കോച്ചിങ് സ്റ്റാഫുകള്‍ക്കൊപ്പമെത്തി.

തുടര്‍ന്ന് ഫൈനലില്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും എത്തി. പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്തിറങ്ങി. ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകിരീടവുമായി പുറത്തെത്തിയത്. ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിയത്.

കാത്തിരിപ്പിനൊടുവില്‍ 'എയര്‍ ഇന്ത്യ ചാമ്പ്യന്‍സ് 2024 വേള്‍ഡ് കപ്പ്' എന്ന കോഡിലുള്ള പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിനെ കൊണ്ടുവരാനായി എയര്‍ഇന്ത്യ സര്‍വീസ് മുടക്കിയത് വിവാദമാകുകയും ചെയ്തു.