‘ഇതാണ് രക്ഷപ്പെടൽ’, അത്ഭുതം തന്നെ, കോഴിക്കോട്ടെ ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ തീയിൽ നിന്ന് പുറത്തേയ്ക്ക് ചാടുന്ന തൊഴിലാളി


കോഴിക്കോട് ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ തീയിൽ നിന്ന് പുറത്തേയ്ക്ക് ചാടുന്ന തൊഴിലാളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നഗരമധ്യത്തിലുള്ള മുതലക്കുള്ളത്തെ ചായക്കടയിൽ രാവിലെ ആറേ മുപ്പതോടെയുണ്ടായ പൊട്ടിത്തെറിയിൽ നിന്ന് അത്ഭുതകരമായാണ് ഇയാൾ രക്ഷപ്പെടുന്നത്.

രാവിലെ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കടമുറികൾ പൂർണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിലയിരുത്തൽ . ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. കടയിൽ ഉണ്ടായിരുന്ന തൊഴിലാളികളിൽ ഒരാളായ മലപ്പുറം സ്വദേശി കുത്ത്ബുദീനാണ് പൊള്ളലേറ്റത്. കൂടെയുണ്ടായിരുന്നയാളാണ് തീയിൽ നിന്നും സാഹസികമായി പുറത്തു വന്നത്.

അതേസമയം, മീഞ്ചന്ത ഫയർ സ്റ്റേഷനുകളിലെ 3 യൂണിറ്റ് എത്തിയാണ് സ്ഥലത്തെ തീയണച്ചത്. വേഗത്തിൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞ തിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി