ഹത്രാസ്: പൂര്‍വാശ്രമത്തിലെ പേര് സൗരഭ് കുമാര്‍, സര്‍ക്കാര്‍ ജോലി രാജിവെച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവമായി; പ്രഭാഷണം നടത്തുന്നത് ഭാര്യയ്‌ക്കൊപ്പം വെള്ളസ്യൂട്ടും ടൈയും കെട്ടി


ഹത്രാസ്: പൂര്‍വാശ്രമത്തിലെ പേര് സൗരഭ് കുമാര്‍, സര്‍ക്കാര്‍ ജോലി രാജിവെച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവമായി; പ്രഭാഷണം നടത്തുന്നത് ഭാര്യയ്‌ക്കൊപ്പം വെള്ളസ്യൂട്ടും ടൈയും കെട്ടി


ഹത്രാസ്: നൂറോളം പേരുടെ മരണത്തില്‍ കലാശിച്ച തിക്കും തിരക്കുമുണ്ടായത് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയുടെ നേതൃത്വത്തില്‍ നടന്ന സത്സംഗത്തില്‍. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ ഒഴുകിയെത്തിയതാണ് ഹാത്രസ് ദുരന്തത്തിനു വഴിവച്ചതെന്നാണ് അനുമാനം. യു.പിയിലെ എറ്റ ജില്ലയിലെ പട്യാലിക്കു സമീപം ബഹാദൂര്‍ ഗ്രാമത്തില്‍നിന്നാണ് ഭോലെ ബാബയുടെ വരവ്.

പട്യാലിയിലെ സാകാര്‍ വിശ്വ ഹരി ബാബയെന്നും അറിയപ്പെടുന്ന ഭോലെ ബാബയുടെ പൂര്‍വാശ്രമത്തിലെ പേര് സൗരഭ് കുമാര്‍ എന്നായിരുന്നുവെന്ന് പ്രാദേശികമാധ്യമങ്ങള്‍ പറയുന്നു. ഉത്തര്‍പ്രദേശ് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സൗരഭ് കുമാറിന്റെ അവകാശവാദം. 17 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍ക്കാര്‍ജോലി രാജിവച്ച് മതപ്രഭാഷകനായി.

26 വര്‍ഷം മുമ്പാണ് ആത്മീയയാത്ര തുടങ്ങിയത്. പിന്നീട് രാജ്യത്തൊട്ടാകെ കോടിക്കണക്കിന് അനുയായികളുള്ള മതപ്രഭാഷകനായി വളര്‍ന്നു. കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മറികടന്ന് ഒത്തുചേരലുകള്‍ സംഘടിപ്പിച്ച് ബാബ അധികൃതര്‍ക്ക് തലവേദനയായിരുന്നു. ഭാര്യാസമേതനായി വെള്ള സ്യൂട്ടും ടൈയും അണിഞ്ഞാണ് അനുയായികള്‍ക്കു മുന്നിലെത്തി പ്രഭാഷണങ്ങള്‍ നടത്തുന്നത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഭോലെ ബാബയ്ക്ക് അനുയായികള്‍ ഏറെയുള്ളത്. യു.പിയിലെ അലിഗഡില്‍ എല്ലാ ചൊവ്വാഴ്ചയും പരിപാടി നടക്കാറുണ്ട്. ഒത്തുചേരുന്നവരെ നിയന്ത്രിക്കുന്നതിനടക്കം അനുയായികളില്‍നിന്നുള്ളവരാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്.

പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കാറുമുണട്. പല ആധുനിക മതപ്രചാരകരില്‍നിന്നു വ്യത്യസ്തനായി സാമൂഹിക മാധ്യമങ്ങളില്‍നിന്ന് അകലം പാലിച്ചാണ് ബാബയുടെ പ്രവര്‍ത്തനം. ഒരു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലും ബാബയ്ക്ക് ഔദ്യോഗിക അക്കൗണ്ടുകളില്ലെന്നാണ് പറയപ്പെടുന്നത്. പക്ഷേ, വാക്ചാതുരിയുടെ പിന്‍ബലത്തില്‍ ആളുകളെ ആകര്‍ഷിക്കാനുള്ള അനിതരസാധാരണമായ കഴിവാണ് അനുയായികളുടെ എണ്ണം ഇത്രമേല്‍ പെരുകാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.