ആന്ധ്രാപ്രദേശിലെ മരുന്ന് നിർമ്മാണ കമ്പനിയിൽ സ്ഫോടനം; 17 പേർ മരിച്ചു


ആന്ധ്രാപ്രദേശിലെ മരുന്ന് നിർമ്മാണ കമ്പനിയിൽ സ്ഫോടനം; 17 പേർ മരിച്ചു


വിശാഖപട്ടണം > ആന്ധ്രാപ്രദേശിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ പ്ലാൻ്റിൽ സ്ഫോടനം. 17 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അച്യുതപുരം സ്പെഷ്യൽ സാമ്പത്തിക മേഖലയിൽ (SEZ) സ്ഥിതി ചെയ്യുന്ന എസ്സിയൻഷ്യ അഡ്വാൻസ്ഡ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2:15 ഓടെ അപകടമുണ്ടായത്.

റിയാക്ടർ പൊട്ടിത്തെറിക്ച്ചതാണ് അപകട കാരണം എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ റിയാക്ടർ പൊട്ടിത്തെറിച്ചല്ല തീപിടിത്തമുണ്ടായതെന്ന് അനകപ്പള്ളി ജില്ലാ കളക്ടർ വിജയ കൃഷ്ണൻ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് നി​ഗമനം. പരിക്കേറ്റവരെ അനകപ്പള്ളിയിലെയും അച്യുതപുരത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), അഗ്നിശമന സേനാംഗങ്ങൾ, പോലീസ് എന്നിവർ ചേർന്ന് കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട് എം.ദീപിക പറഞ്ഞു.