സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി; അട്ടിമറി സംശയം, അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി; അട്ടിമറി സംശയം, അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി

ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസിൻ്റെ എൻജിൻ ട്രാക്കിൽ സ്ഥാപിച്ചിരുന്ന വസ്തുവിൽ ഇടിച്ച് പാളം തെറ്റിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അതേസമയം സംഭവത്തെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കിയതായും മൂന്നെണ്ണം വഴിതിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു.

കാൺപൂരിനും ഭീംസെൻ സ്റ്റേഷനും ഇടയിൽ സബർമതി എക്സ്പ്രസാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ 2:30നായിരുന്നു സംഭവം. ട്രെയിനിൻ്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോർട്ട്. ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം ട്രെയിനിന്റെ മുൻഭാ​ഗം പാറകളിൽ തട്ടി കേടായതായി ലോക്കോ പൈലറ്റ് പറഞ്ഞു.

സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവേ അറിയിച്ചു. എട്ട് കോച്ചുകളുള്ള മെമു ട്രെയിൻ കാൺപൂരിൽ നിന്ന് അപകടസ്ഥലത്തേക്ക് യാത്രക്കാരെ കൊണ്ടുവരാനായി പുറപ്പെട്ടുവെന്ന് റെയിൽവേ നോർത്ത് സെൻട്രൽ റെയിൽവേ സോൺ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ (സിപിആർഒ) ശശികാന്ത് ത്രിപാഠി പറഞ്ഞു. ബസുകൾ സ്ഥലത്തെത്തി യാത്രക്കാരെ കാൺപൂരിലേക്ക് കയറ്റി.

അതേസമയം സംഭവം പരിശോധിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സബർമതി എക്‌സ്‌പ്രസിൻ്റെ എൻജിൻ ട്രാക്കിൽ സ്ഥാപിച്ചിരുന്ന വസ്തുവിൽ ഇടിക്കുകയും കാൺപൂരിന് സമീപം ഇന്ന് പുലർച്ചെ 02:35 ന് പാളം തെറ്റുകയും ചെയ്തുവെന്നും സംഭവം പരിശോധിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഐബിയും യുപി പൊലീസും അന്വേഷണം തുടങ്ങിയെന്നും യാത്രക്കാർക്കോ ജീവനക്കാർക്കോ പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു.