നാളെ ചാലിയാറിന്റെ 40 കി.മീറ്റർ പരിധിയിൽ പരിശോധന, ബെയ്ലി പാലത്തിലൂടെ 25 ആംബുലൻസുകൾ അകത്ത് സജ്ജമാക്കും

നാളെ ചാലിയാറിന്റെ 40 കി.മീറ്റർ പരിധിയിൽ പരിശോധന, ബെയ്ലി പാലത്തിലൂടെ 25 ആംബുലൻസുകൾ അകത്ത് സജ്ജമാക്കും 


കൽപ്പറ്റ : ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി നാളെ തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ പരിശോധന നടത്തുമെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ അറിയിച്ചു. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്ററ്,നേവി ടീമും തെരച്ചിൽ നടത്തും. 

തീരാദുരിതമായി മഴ, വയനാട്ടിൽ മാത്രം 91 ദുരിതാശ്വാസ ക്യാമ്പുകളിൽ 9328 പേര്‍

മുണ്ടക്കൈയിലെ അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, സ്കൂൾ ഏരിയ, വില്ലേജ് റോഡ്, താഴ്ഭാഗം എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തും. 25 ആംബുലൻസ് ബെയ്ലി പാലത്തിലൂടെ അകത്തു സജ്ജമാക്കും.ഡ്രോൺ റഡാർ സംവിധാനം മറ്റന്നാൾ ഉപയോഗിച്ചു തുടങ്ങും. നിലവിലെ കണക്കുകൾ അനുസരിച്ച് 206 പേരെയാണ് കാണാതായത്. ഇത് പൂർണമല്ലെന്നാണ് വിലയിരുത്തൽ. ആധികാരികത സംശയമുണ്ട്. നാല് ഡോഗ് സ്‌ക്വാഡ് കൂടി തെരച്ചിലിനായി തമിഴ്‌നാട്ടിൽ നിന്ന് നാളെ എത്തും. ഇതോടെ ആകെ പത്തു ഡോഗ് സ്‌ക്വാഡുകളാകും. മറ്റ് സംസ്ഥാനങ്ങളോടും സഹായം ആവശ്യപ്പെടുമെന്നും മന്ത്രിമാർ അറിയിച്ചു. 

വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേർ 

വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.  

മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി താമസിപ്പിച്ചു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടനാട് ഗവ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ്  യു.പി സ്‌കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പുംക്കൊല്ലി ആരോമ ഇന്‍, മേപ്പാടി മൗണ്ട് ടാബോര്‍ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗോള്‍സ് ഹൈസ്‌കൂള്‍, തൃക്കൈപ്പറ്റ ഗവ ഹൈസ്‌കൂള്‍, മേപ്പാടി ജി.എല്‍.പി സ്‌കൂളുകളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 859 പുരുഷന്‍മാരും 903 സ്ത്രീകളും 564 കുട്ടികളും 2 ഗര്‍ഭിണികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ട്. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.