പായം വില്ലേജിന്റെ ഭാഗമായിരുന്ന എടക്കാനം ഇനി കീഴൂർ വില്ലേജിൽ
കീഴൂർ വില്ലേജിന്റെ ഭാഗമാകുക പായം വില്ലേജിന്റെ 491.2704ഹെക്ടർ പ്രദേശം
ഇരിട്ടി: പതിറ്റാണ്ടുകളോളമായി നീണ്ടുനിൽക്കുന്ന പ്രശ്നത്തിന് ഒടുവിൽ പരിഹാരമാകുന്നു. ഇരിട്ടി നഗരസഭയുടെ അധീനതയിലുള്ളതും പായം വില്ലേജിൽ ഉൾപ്പെട്ടതുമായ എടക്കാനം പ്രദേശം കീഴൂർ വില്ലേജിന്റെ ഭാഗമാക്കി ഉത്തരവിറങ്ങി. ഇതോടെ ഈ പ്രദേശത്തുകാർക്കുണ്ടായിരുന്ന പ്രയാസങ്ങൾക്ക് പരിഹാരമായി. ഇരിട്ടി പുഴക്കക്കരെ ഇക്കരെയായി കിടന്നിരുന്ന പ്രദേശമായിരുന്നു എടക്കാനവും പായവും. പ്രദേശത്തെ പൂർണ്ണമായും പായം വില്ലേജിൽ നിന്നും മാറ്റി കീഴൂർവില്ലേജിൽ ലയിപ്പിച്ചുക്കൊണ്ടുള്ള നടപടിക്ക് ഗവർണ്ണറുടെ ആംഗീകാരം ലഭിച്ചതോടെ പ്രിൻസിപ്പൽ സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവിറക്കി. ഇതോടെ പായം വില്ലേജിന്റെ അധീനതയിലുള്ള 491.2704 ഹെക്ടർ പ്രദേശം പുതുതായി കീഴൂർ വില്ലേജിന്റെ ഭാഗമാകും. പുനക്രമീകരണത്തിന് ശേഷം കീഴൂർവില്ലേജിന്റെ ആകെ വിസ്ത്രീർണ്ണം 2553.5572 ഹെക്ടറായും പായം വില്ലേജിന്റെ വിസ്തീർണ്ണം 2618.4872 ഹെക്ടറായും നിജപ്പെടുത്തി. ഒന്ന് മുതൽ 84 വരെയുള്ള സർവ്വെ നമ്പറുള്ള എടക്കാനത്തെ ഭൂപ്രദേശമാണ് കീഴൂർ വില്ലേജിൽ ലയിക്കുക.
ഇതോടെ മുൻപ് നിലനിന്നിരുന്ന കാലഹരണപ്പെട്ട ഒരു വ്യവസ്ഥയുടെ തിരുത്ത് കൂടിയായി ഈ തീരുമാനം മാറുകയാണ്. അതാത് ദേശത്തെ അംശക്കനായിരിക്കണം അധികാരി എന്ന വ്യവസ്ഥയാണ് മുൻപ് നിലനിന്നിരുന്നത്. ഈ വ്യവസ്ഥിതി മാറിയെങ്കിലും കാലഹരണപ്പെട്ട ഈ വ്യവസ്ഥിതിയുടെ ഇരകളാകുകയായിരുന്നു വർഷങ്ങളായി എടക്കാനം നിവാസികൾ. വില്ലേജ് അധികാരിയായി നിയമിക്കപ്പെടുന്നയാൾ ആ പ്രദേശത്തുകാരനോ അവിടത്തെ താമസക്കാരനോ ആയിരിക്കണമെന്ന പഴയ വ്യവസ്ഥയാണ് എടക്കാനത്തെ പായം വില്ലേജിന്റെ ഭാഗമാക്കിയത്. അന്നത്ത പായം വില്ലേജ് അധികാരി എടക്കാനത്തെ താമസക്കാരനായിരുന്നു. അവരുടെ സൗകര്യാർത്ഥം എടക്കാനത്തെ പായം വില്ലേജിന്റെ ഭാഗമായി ചേർക്കപ്പെട്ടു. സംസ്ഥാന രൂപവത്ക്കരണത്തിന് ശേഷം ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾവെച്ച് അതിർത്തികൾ നിർണ്ണയിച്ച് പുതിയ വില്ലേജുകൾ വന്നപ്പോഴും എടക്കാനത്തിന് മാറ്റം ഉണ്ടായില്ല. ഇരിട്ടി ടൗണും എടക്കാനവും ഉൾപ്പെടുന്ന പ്രദേശം ആദ്യം കീഴൂർ-ചാവശ്ശേരി പഞ്ചായത്തായും പിന്നീട് ഇരിട്ടി നഗരസഭയായും രൂപാന്തരം പ്രാപിച്ചപ്പോഴും എടക്കാനം പായത്തിനൊപ്പം നിലനിന്നു. മാറിമാറി വന ഭരണകൂടങ്ങളൊന്നും ഇത് തിരുത്താനും തയ്യാറായില്ല.
അഞ്ഞൂറോളം വീടുകളും രണ്ടായിരത്തിലധികം ജനസംഖ്യയുമുള്ള എടക്കാനം, ചേളത്തൂർ, മോച്ചേരി, കപ്പണക്കുന്ന്, എടയിൽകുന്ന്, കീരിയോട്, കണങ്ങോട്, എടക്കാനം പുഴക്കര ഭാഗങ്ങളെല്ലാം പായത്തിന്റെ ഭാഗമായി തന്നെ തുടരുകയായിരുന്നു. അടുത്തുള്ള കീഴൂർ വില്ലേജ് ഓഫിസ് പിന്നിട്ട് പായം വില്ലേജ് ഓഫിസിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പ്രേദേശവാസികൾക്ക്. വില്ലേജിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്ക് എടക്കാനത്തുള്ളവർക്ക് ഇരിട്ടിയിൽ വന്ന് മറ്റൊരു വാഹനത്തിൽ പായം വില്ലേജിലേക്ക് പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഏറെയായിരുന്നു. ഇരിട്ടി ടൗണിൽ തന്നെ പ്രവർത്തിക്കുന്ന കീഴൂർ വില്ലേജ് ഓഫീസ് ഉള്ളപ്പോഴാണ് ഈ ദുർഗതി. ഇതിനൊരുമാറ്റത്തിനായി ഏറെ നിവേദനങ്ങൾ നല്കിയെങ്കിലും നീണ്ടു പോവുകയായിരുന്നു. ഇരിട്ടി നഗരസഭയിലെ നാലാം വാർഡാണ് എടക്കാനം.