തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാല്‍ സിനിമാ മേഖലയിലെ 51 പേര്‍ക്കെതിരേയെങ്കിലും കേസെടുക്കേണ്ടിവരുമെന്ന നിഗമനത്തില്‍ സര്‍ക്കാര്‍. സൂപ്പര്‍ താരങ്ങളുടെയടക്കം അറിവോടെയാണു മലയാള സിനിമയില്‍ മാഫിയ പിടിമുറുക്കിയതെന്ന സൂചനയാണു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു സമാനമായ നിരവധി ക്രൂരതകള്‍ സിനിമാ മേഖലയില്‍ നടക്കുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റി മുമ്പാകെ മൊഴികള്‍ക്കു പുറമേ ഒട്ടേറെ പരാതികളും ലഭിച്ചിരുന്നു. അവയില്‍ വസ്തുതാന്വേഷണം നടന്നിട്ടില്ല. അതിനാല്‍, പരിഹാരമാര്‍ഗങ്ങള്‍ ക്രോഡീകരിക്കാനേ റിപ്പോര്‍ട്ട് ഉപയോഗിക്കാവൂ എന്നായിരുന്നു കമ്മിറ്റിയുടെ ശിപാര്‍ശ.
വിവരാവകാശ കമ്മിഷന്റെയും കോടതിയുടെയും ഇടപെടലിനേത്തുടര്‍ന്നാണു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇരകളുടെയും ആരോപിതരുടെയും പേരുകള്‍ മറച്ചാലും കുറ്റകൃത്യവിവരങ്ങള്‍ മൊഴിരൂപത്തില്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നതിനാല്‍ നിയമനടപടി നീളാനാണു സാധ്യത. റിപ്പോര്‍ട്ട് പൊതുരേഖയും അതില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരവുമാകയാല്‍ ആര്‍ക്കും പോലീസില്‍ പരാതിപ്പെടാം.
അന്വേഷണമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാം. അന്വേഷണമുണ്ടായാല്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാനാവില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടേക്കാം. കുറ്റകൃത്യവിവരം പുറത്തുവന്നാല്‍ പോലീസിന് ഇടപെടാതിരിക്കാനാവില്ല എന്നതാണു കാരണം.