ഓണത്തിരക്ക്: അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി

ഓണത്തിരക്ക്: അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി


തിരുവനന്തപുരം: ഓണം സീസണിലെ തിരക്ക് പരിഗണിച്ച് അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ബംഗലൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് സര്‍വീസ്. സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാകും ഓണം സ്‌പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകുക.

പ്രത്യേക റൂട്ടിലേക്ക് അധികമായി യാത്രക്കാര്‍ ബുക്കിങ്ങ് ഉണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഉത്സവകാലം പ്രമാണിച്ച് സ്വകാര്യ ബസുകള്‍ അധിക നിരക്ക് ഈടാക്കുന്നത് തിരിച്ചറിഞ്ഞാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ലെന്നും അറിയിച്ചു. എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും ബസുകളുണ്ടാകും. ഓണം പ്രമാണിച്ച് കര്‍ണാടക ആര്‍ടിസിയും കേരളത്തിലേക്ക് അധികമായി 21 സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം സീസണില്‍ കെഎസ്ആര്‍ടിസിക്ക് 71 കോടി രൂപയാണ് വരുമാനം ലഭിച്ചത്.