ചെന്നൈ: തമിഴ്നാട്ടില്‍ 13 പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ബര്‍ഗുറിനടുത്തുള്ള സ്‌കൂളില്‍ നടത്തിയ വ്യാജ എന്‍സിസി ക്യാമ്പിനിടയിലാണ് 13 പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ഇതില്‍ 13 വയസുള്ള ഒരു കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രധാനപ്രതിയും ക്യാമ്പ് നടത്തിപ്പുകാരനുമായ ശിവരാമന്‍, സംഭവം അറിഞ്ഞിട്ടും പരാതിപ്പെടാത്തതില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എസ് സതീശ് കുമാര്‍, രണ്ട് അധ്യാപകര്‍ തുടങ്ങി ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ശിവരാമനെ പോക്സോ നിയമവും ബിഎന്‍എസ് നിയമവും ഉള്‍പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് രാഷ്ട്രീയ പാര്‍ട്ടി നാം തമിഴര്‍ കട്ച്ചിയിലെ പ്രവര്‍ത്തകനാണ് ശിവരാമന്‍. ഈ മാസം അഞ്ചിനും ഒമ്പതിനും നടത്തിയ ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ശിവരാമന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മറ്റ് 12 പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു.
സംഭവം നടന്ന ഒമ്പതാം തീയതി പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ പരാതി മുന്നോട്ട് കൊണ്ടുപോകാതെ വിഷയം മൂടിവെക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ എന്‍സിസി യൂണിറ്റില്ലാത്ത സ്വകാര്യ സ്‌കൂളില്‍ ക്യാമ്പ് നടത്തിയാല്‍ എന്‍സിസി യൂണിറ്റിനുള്ള യോഗ്യത ലഭിക്കുമെന്ന് നടത്തിപ്പുകാര്‍ മാനേജ്മെന്റിനെ ധരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ക്യാമ്പ് നടത്തിപ്പുകാരുടെ പശ്ചാത്തലം പരിശോധിക്കുന്നതില്‍ സ്‌കൂളിന് പരാജയം സംഭവിച്ചുവെന്നും പോലീസ് അറിയിച്ചു.
സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പെണ്‍കുട്ടികളെ താമസിപ്പിച്ചത്. ആണ്‍കുട്ടികള്‍ക്ക് ഗ്രൗണ്ട് ഫ്ളോറിലും സൗകര്യമൊരുക്കി. തങ്ങളെ കബളിപ്പിച്ച് ഓഡിറ്റോറിയത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ ക്യാമ്പിന് ചുമതല വഹിക്കാന്‍ ഒരു അധ്യാപകരെയും നിയമിച്ചിരുന്നില്ല. 'സ്‌കൂള്‍ അധികൃതര്‍ക്ക് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അറിവുണ്ടായിരുന്നെങ്കിലും പോലീസിനെ അറിയിക്കുന്നതിന് പകരം വിഷയം ഒതുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തെ ഗുരുതരമായി കാണരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോപണമുണ്ടെന്നും പോലീസ് വ്യക്തമാക്കി.