യാത്രക്കാരെ ആക്രമിച്ചു, ചോദ്യം ചെയ്ത ജീവനക്കാരെ കടിച്ചു; ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി പരത്തി യുവതി

യാത്രക്കാരെ ആക്രമിച്ചു, ചോദ്യം ചെയ്ത ജീവനക്കാരെ കടിച്ചു; ഇൻഡിഗോ വിമാനത്തിൽ പരിഭ്രാന്തി പരത്തി യുവതി


പൂനെ: ലോഹ്‌ഗാവ് വിമാനത്താവളത്തിൽ ബോർഡിംഗ് സമയത്ത് യാത്രക്കാരിയുടെ അതിക്രമം. രണ്ട് സഹയാത്രികരെ മർദിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലുകയും കൈ കടിക്കുകയും ചെയ്തത സ്ത്രീയെ ഒടുക്കം വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.

ഇൻഡിഗോ എയർലൈൻസിൻ്റെ പൂനെ-ഡൽഹി വിമാനത്തിൽ ബോർഡിംഗ് നടക്കുന്നതിനിടെ ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

അവർക്ക് അനുവദിച്ച സീറ്റിൽ ഇരിക്കുകയായിരുന്ന രണ്ട് സഹയാത്രികരെയാണ് യുവതി ആക്രമിച്ചത്. സ്ഥിതിഗതികൾ വഷളായതോടെ ക്രൂ അംഗങ്ങൾ ഇടപെടുകയും രണ്ട് സിഐഎസ്എഫ് കോൺസ്റ്റബിൾമാരായ പ്രിയങ്ക റെഡ്ഡി, സോണിക പാൽ എന്നിവരെയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിളിക്കുകയും ചെയ്തു.

തർക്കത്തിനിടെ യുവതി കോൺസ്റ്റബിൾ റെഡ്ഡിയെ തല്ലുകയും കൈ കടിക്കുകയും ചെയ്തു. എന്നാൽ, സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവതിയെ നിയന്ത്രിച്ച് കൂടെയുണ്ടായിരുന്ന ഭർത്താവിനെയും വിമാനത്തിൽ നിന്ന് ഇറക്കി. തുടർന്ന് ദമ്പതികളെ എയർപോർട്ട് പോലീസിന് കൈമാറി.