ഷിരൂരിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി; കടൽത്തീരത്ത് കണ്ടത് പുരുഷന്റെ മൃതദേഹം, അധികം പഴക്കമില്ലെന്ന് റിപ്പോർട്ട്
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
അകനാശിനി ബാഡ മേഖലയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അധികം പഴക്കമില്ലെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. മൃതദേഹം ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ അർജുന്റെ സഹോദരനിൽ നിന്നും ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാമ്പിളുകൾ അധികൃതർ ശേഖരിച്ചിരുന്നു.