കാണാതായ വയോധികനെ കണ്ടെത്താനായില്ല.
ഇരിട്ടി: വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാണാതായ വയോധികനെ കണ്ടെത്താനായില്ല. കീഴ്പ്പള്ളി വട്ടപ്പറമ്പിലെ കിളിരൂപറമ്പില്‍ വര്‍ഗീസിനെയാണ് കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ കാണാതായത്. കക്കുവ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന സംശയത്തെ തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നെത്തിയഅഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് വര്‍ഗീസിനെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കക്കുവ പുഴയോരത്ത് വര്‍ഗീസിന്റെ കുട കണ്ടെത്തി. വെള്ളത്തിൽ ഒഴുക്കിൽപ്പെട്ടതാവാമെന്ന സംശയത്തിൽ വെള്ളിയാഴ്ച രാത്രി വൈകും വരെ അഗ്നിശമന സേനയും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. . ശനിയാഴ്ച രാവിലെ മുതൽ ഇരിട്ടിയില്‍ നിന്ന് ഡിങ്കി ഉള്‍പ്പെടെ എത്തിച്ച് നടത്തിയ തിരച്ചിലിൽ അഗ്നിശമന സേനക്കൊപ്പം നാട്ടുകാരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളായെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.