യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി എൻപിസിഐ; ഇപ്പോഴുള്ള പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കും
മുംബൈ: രാജ്യത്ത് കുറഞ്ഞകാലം കൊണ്ട് വൻ ജനപ്രീതി നേടിയ യൂനിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിസിൽ (യുപിഐ) വൻ മാറ്റങ്ങൾ കൊണ്ടുവരാൻ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഓരോ ഇടപാടുകൾക്കും പിൻ നമ്പർ കൊടുത്ത് ആധികാരികത ഉറപ്പുവരുത്തുന്നതിന് പകരം ബയോമെട്രിക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ പറ്റുമോ എന്ന കാര്യത്തിലാണ് പുതിയ പരീക്ഷണം. നിരവധി സ്റ്റാർട്ടപ്പ് കമ്പനികളുമായി ഇത് സംബന്ധിച്ച ചർച്ചകൾ എൻപിസിഐ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
ഓരോ തവണയും പണമിടപാട് നടത്താൻ നിലവിൽ നാല് അക്കങ്ങളോ അല്ലെങ്കിൽ ആറ് അക്കങ്ങളോ ഉള്ള പിൻ കൊടുത്താണ് അവ പൂർത്തീകരിക്കുന്നത്. ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാനും ദുരുപയോഗം തടയാനും വേണ്ടിയാണ് ഇത്തരമൊരു സംവിധാനം. ഇതിന് പകരം ആൺഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകൾ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം പരിശോധിച്ചോ ഫേസ് ഐഡി പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയോ പിൻ നൽകുന്നതിന് പകരം സംവിധാനം ഒരുക്കാൻ സാധിക്കുമോ എന്നാണ് അന്വേഷണം
നിലവിലുള്ള അഡീഷണൽ ഫാക്ടർ ഒതന്റിക്കേഷൻ രീതിക്ക് സമാന്തരമായ മറ്റ് സാധ്യതകൾ തേടണമെന്ന് റിസർവ് ബാങ്ക് നാഷണൽ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടത് ഒരാഴ്ച മുമ്പാണ്. പിന്നും പാസ്‍വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു ആവശ്യം. ഇതിന്റെ നിയമപരവും സാമ്പത്തികപരവുമായ കാര്യങ്ങളിൽ ശ്രദ്ധയൂന്നാണ് സഹകരിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാനുമാണത്രെ സ്റ്റാർട്ടപ്പ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യഘട്ടത്തിൽ നിലവിലുള്ള പിൻ സംവിധാനവും അതിന് പുറമെ ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നാണ് സൂചന. സുരക്ഷ ഉറപ്പാക്കുകയാണ് ഇത്തരം സംവിധാനങ്ങൾ സ്വീകരിക്കുമ്പോഴുള്ള വെല്ലുവിളി. അതുകൊണ്ടുതന്നെ നിലവിലുള്ള ഫോണുകളിലെ ബയോമെട്രിക് സാധ്യതകൾ ഉപയോഗിച്ച് പഴുതടച്ച സുരക്ഷയോടെ ഇത് നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ രണ്ട് തരത്തിലുള്ള പരിശോധനാ സംവിധാനമാണ് യുപിഐ ഇടപാടുകൾക്ക് ഉള്ളത്. മൊബൈൽ ഫോണുകളിൽ യുപിഐ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ എസ്.എം.എസ് വഴി പരിശോധിക്കുന്നതാണ് ഒന്നാമത്തെ സംവിധാനം. ഇതിന് പുറമെ ഓരോ ഇടപാടുകളിലും പിൻ നൽകുകയും വേണം. ഇതിന് ബദലായി ആലോചിക്കുന്ന പുതിയ സംവിധാനം പ്രായോഗികമാവാൻ എത്ര നാളെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.