സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: കുറ്റപത്രം സമര്‍പ്പിച്ചു




തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരെയാണ് കുറ്റപത്രം. ലൈംഗിക ഉപദ്രവം ചെറുക്കാനാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

2017 മേയ് 19-നാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ട സംഭവമുണ്ടാകുന്നത്. സ്വാമിയെ ആക്രമിച്ച പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പെണ്‍കുട്ടിയുടെ വീട്ടിലാണ് ഗംഗേശാനന്ദ കഴിഞ്ഞിരുന്നത്. ലൈംഗിക അതിക്രമം ചെറുക്കുന്നതിന്റെ ഭാഗമായാണ് സ്വാമിയെ ആക്രമിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഗംഗേശാനന്ദയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തിരുവനന്തപുരം സി.ജെ.എം. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം കേസില്‍ മറ്റ് ചില നിയമപ്രശ്‌നങ്ങളുണ്ട്. ലൈംഗിക അതിക്രമം തടയാനാണ് സ്വാമിയെ ആക്രമിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ അടക്കം പിന്നീട് മൊഴിമാറ്റി. സ്വാമി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും തന്റെ സുഹൃത്തായിരുന്ന അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു അതിക്രമം നടത്തിച്ചത് എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തെ ആക്രമിക്കാൻ പെൺകുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഗൂഢാലോചന നടത്തിയതായി വ്യക്തമായി. ഇതോടെ ഇവർക്കെതിരെയും കേസ് എടുക്കുകയായിരുന്നു.