മുറിവേറ്റ വയനാടിന് പ്രതീക്ഷ; ഉരുളെടുത്ത ഇടങ്ങളിൽ ഇന്ന് പ്രധാനമന്ത്രി എത്തും, പാക്കേജ് ആവശ്യപ്പെടാൻ സംസ്ഥാനം

മുറിവേറ്റ വയനാടിന് പ്രതീക്ഷ; ഉരുളെടുത്ത ഇടങ്ങളിൽ ഇന്ന് പ്രധാനമന്ത്രി എത്തും, പാക്കേജ് ആവശ്യപ്പെടാൻ സംസ്ഥാനം


കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുo. രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങൾ ഹെകികോപ്റ്ററിൽ ഇരുന്ന് കാണും. 

ശേഷം കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗവും ചൂരൽമലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം കാണും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. നരേന്ദ്ര മോഡിക്ക് ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.

അതേസമയം, പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമര രശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു. 

താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തും. നാളെ രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം.  പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. 

കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.