ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓർമ്മകളില്‍ നിന്നും മായാത്ത ദുരന്ത ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓർമ്മകളില്‍ നിന്നും മായാത്ത ദുരന്ത ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍


രുളു പൊട്ടിയെന്ന് കേട്ടപ്പോള്‍ ഒരു വിങ്ങലായിരുന്നു, ഉള്ളകത്ത്. ദുരന്തഭൂമിയിലേക്ക് പോകാന്‍ നിര്‍ദ്ദശം വന്നപ്പോള്‍ ഒരു മടിയും കൂടാതെ ഞാനുമുണ്ടെന്ന് പറയാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. ഉരുള്‍പൊട്ടിയ 30 ന് തന്നെ തിരുവനന്തപുരത്ത് നിന്നും വയനാട് ചൂരല്‍മലയിലേക്ക് തിരിച്ചു. രക്ഷാദൌത്യത്തിന്‍റെ ഭാഗമാകണം. ക്യാമറാ ജീവിതത്തില്‍ ആദ്യാനുഭവം. മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ദുരന്ത ഭൂമിയിലെത്തുമ്പോള്‍ ഉള്ളകം കലങ്ങി മറിഞ്ഞിരുന്നു. പക്ഷേ, അകത്തെക്കാള്‍ കലങ്ങിയത് പുറമായിരുന്നു. ഉരുളൊഴുകിയ ഭൂമിയായിരുന്നു. അഞ്ച് ദിവസത്തെ ചൂരല്‍മല അനുഭവക്കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ റിജു ഇന്ദിര. 
 

ഉരുളുപൊട്ടിയ രണ്ടാം ദിവസം രാവിലെ തന്നെ ദുരന്തഭൂമിയില്‍ ജോലി ആരംഭിച്ചു. കാഴ്ചകള്‍ പലതും അവിശ്വസനീയമായിരുന്നു. രണ്ടും മൂന്നും ആള്‍പ്പൊക്കമുള്ള കൂറ്റന്‍ പറക്കല്ലുകള്‍ എടുത്ത് വച്ചത് പോലെ... ഇത്രയേറെ മരങ്ങളെങ്ങനെ ഇങ്ങനെ അടുക്കിവച്ചതെന്ന് തോന്നും. 

ഒഴുകിയ ഉരുളിന്‍റെ ശക്തിക്ക് മുന്നില്‍ കല്ലും മരവും മനുഷ്യനും മനുഷ്യ നിര്‍മ്മിതികളുമെല്ലാം നിസാരം. ജോലി തുടങ്ങി ആദ്യ മണിക്കൂറുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത തരത്തിലായിരുന്നു കടന്ന് പോയിരുന്നത്.  അക്ഷരാര്‍ത്ഥത്തില്‍ മരണം മണക്കുന്ന താഴ്വാര. 

ഉറ്റവരെ തേടുന്ന നിലവിളികള്‍. 'അവിടെ... ഇവിടെ...' എന്ന നിര്‍ദ്ദേശങ്ങള്‍. ദൃശ്യങ്ങള്‍ തത്സമയം ലോകത്തിന് മുന്നിലെത്തിച്ച് ക്യാമറ. മണിക്കൂറുകള്‍ ഇഴഞ്ഞ് നീങ്ങിയപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ യന്ത്ര സമാനമായൊരു ശരീരമായി മാറി. 
 

നിമിഷ സൂചികള്‍ മണിക്കൂറുകളിലേക്ക്... രാവിലെ ഉച്ചയിലേക്കും ഉച്ച വൈകുന്നേരത്തിലേക്കും നീങ്ങി. സമയ സൂചികളിലൂടെ കിടന്നു പോയപ്പോള്‍ മരവിപ്പ് ഒലിച്ചിറങ്ങിയ പാറ പോലെ ഉള്ളുറച്ച് പോയി. പിന്നീടങ്ങോട്ട് തുര്‍ച്ചയായ അഞ്ച് ദിവസങ്ങള്‍.

39 മൃതദേഹങ്ങള്‍ കണ്ടെത്തിയ ചൂരല്‍മല വില്ലേജ് റോഡ് മുതല്‍ അങ്ങ് ഉരുളിന്‍റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തേക്കുള്ള വഴിയിലെ വെള്ളര്‍മല വരെയുള്ള നാലഞ്ച് കിലോമീറ്റര്‍ ദൂരം പലപ്പോഴായി നടന്നു കയറി. അതിനിടെ കടന്ന് പോകുന്ന വഴിയിലെ കിണറുകള്‍... തകര്‍ന്ന സെപ്റ്റിക് ടാങ്കുകള്‍. മൃഗങ്ങളുടെ മനുഷ്യരുടെ മൃതദേഹങ്ങള്‍...

ഒഴുകിയെത്തിയ ദൈവ വിഗ്രഹങ്ങള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കുടുംബ ചിത്രങ്ങള്‍, ബാങ്ക് പാസ് ബുക്കുകള്‍, ഐഡന്‍റിറ്റി കാര്‍ഡുകള്‍, തകര്‍ന്ന് പോയ കാറുകള്‍, ഓട്ടോകള്‍... തലേന്ന് രാത്രി അലക്കി അയയില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍... തറ മാത്രം അവശേഷിച്ച് പോയ വീടുകള്‍...

ദുരന്തത്തിന് പിന്നാലെ കൂട്ടില്‍ നിന്നും ആരോ തുറന്ന് വിട്ട വളര്‍ത്ത് നായ കാണാതായ ഉടമയെയും വീടും തേടി അലയുന്നു. തലേന്ന് രാത്രി തന്‍റെ പൂട്ടിയിട്ട കൂട്ടിലിരുന്ന് ആ ജീവി കണ്ട കാഴ്ചകളെന്തായിരിക്കും? തന്‍റെ കൂട്ടില്‍ നിന്നും അല്പം മാറി നിന്നിരുന്ന ഉടസ്ഥന്‍റെ വീട് പിറ്റേന്ന് യഥാസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അവശേഷിച്ചിരുന്നത് ഒരു താറയുടെ രൂപം മാത്രം. 

വെള്ളാര്‍മലയിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്നയാള്‍ കുത്തൊഴുകി പോകുന്ന വെള്ളത്തിലേക്ക് ചൂണ്ടി ഇവിടെയായിരുന്നു മൂന്ന് വീടുകള്‍ നിന്നിരുന്നതെന്ന് പറഞ്ഞു. അതിലൊന്നില്‍ അയാളുടെ അച്ഛനും അമ്മയും അനിയനും ഭാര്യയും രണ്ട് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. അച്ഛന്‍റെ മൃതദേഹം കണ്ടെത്തി, അനിയന്‍റെ ഭാര്യ ഗുരുതരമായി പരിക്കേറ്റ് ഐസിയുവിലാണ്. മറ്റുള്ളവരെ കുറിച്ച് വിവരമൊന്നുമില്ല. വഴി മാറിയൊഴുകിയ പുഴ ഇന്ന് വീടിരുന്ന സ്ഥലത്തൂടെയാണ് ഒഴുകുന്നത്. 

തെളിനീരൊഴുകുന്ന അരുവിക്ക് സമീപത്ത് കലങ്ങി മറിഞ്ഞ മറ്റൊരു അരുവി രൂപപ്പെട്ടിട്ടുണ്ട്. ആയുസ് കൊണ്ട് ഉയര്‍ത്തിയതെല്ലാം നിമിഷ നേരം കൊണ്ട് കിലോ മീറ്ററുകള്‍ താഴെ എത്തിയിരിക്കുന്നു. ദുരന്തങ്ങളില്‍ നിന്നും നമ്മളിനിയും പഠിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഇത്തരം ദുരന്തങ്ങള്‍ ഇനിയുമാവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് അഞ്ചാം ദിനം മലയിറങ്ങുമ്പോള്‍ വിദഗ്ദരുടെ നിഗമനങ്ങള്‍. അങ്ങനെയെങ്കിൽ ദുരന്തത്തിന്‍റെ ആഘാതം കുറയ്ക്കാന്‍, നഷ്ടം കുറയ്ക്കാനെങ്കിലും ഇനിയുള്ള കാലം നമ്മള്‍ കരുതിയിരിക്കണം. ഓർമ്മകളുടെ അടരുകളില്‍ മായാതെ മായ്ക്കാനാകാതെ ചേര്‍ന്നൊട്ടിപ്പോയ കാഴ്ചകളില്‍ നിന്ന് പുതിയൊരു തുടക്കം വേണം, വയനാടന്‍ മലനിരകള്‍ക്കും.