തൃശൂര്‍: ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതിയെ കുന്നംകുളം പൊലീസ് ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തു. കൊളവല്ലൂര്‍ തൂവകുന്ന് സ്വദേശി കേലോത്ത് വീട്ടില്‍ രാഖിലി (28) നെയാണ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് ചൊവ്വന്നൂരില്‍ നടത്തിയ വാഹന പരിശോധനക്കിടെ 2 കിലോ ഹാഷിഷ് ഓയിലും 140 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. സംഭവത്തില്‍ നിതീഷ്, മുഹമ്മദ് അന്‍സില്‍ എന്നിവരെ കുന്നംകുളം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവില്‍ നിന്ന് വാങ്ങി ചാവക്കാട്ടേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ ലഹരി വസ്തുക്കളുമായി പിടിയിലാകുന്നത്. തുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് രാഖിലിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ രണ്ടുപേര്‍ക്ക് രാഖിലിലാണ് ഹാഷിഷ് ഓയിലും എംഡിഎംഎയും വില്‍പ്പന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ രാഖിലെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ സുകുമാരന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ജോഷി,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രവികുമാര്‍, ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.