ഇരിട്ടി - പേരാവൂർ കെ എസ് ടി പി റോഡ് നവീകരണം: അഞ്ചു കോടിയുടെ പ്രവൃത്തിക്ക് കരാറായി
ഇരിട്ടി: ഒന്നര പതിറ്റാണ്ടോളമായി നവീകരണ പ്രവർത്തികളൊന്നും നടത്താതെ തകർന്ന് കിടന്ന ഇരിട്ടി - പേരാവൂർ റോഡ് നവീകരണത്തിനായി അഞ്ചുകോടിയുടെ കരാറായി. 12 കിലോമീറ്റർ റോഡിൻ്റെ ഉപരിതലം പുതുക്കൽ പ്രവൃത്തിക്ക് കെ.കെ ബിൽഡേഴ്സ്സ് ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
ഇതിന്റെ സൈറ്റ് കൈമാറൽ പ്രക്രിയ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മലയോരത്തെ പ്രധാന റോഡുകളിൽ ഒന്നായിട്ടും കുണ്ടുകളും കുഴികളും വെള്ളക്കെട്ടും മൂലം യാത്ര ദുഷ്കരമായി മാറിയ റോഡ് വർഷങ്ങളായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു.
മേഖലയിലെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ വീതി കൂട്ടി നവീകരിക്കപ്പെടുമ്പോഴും കണ്ണരിൽ നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാത എന്ന നിലയിലും ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡെന്ന നിലയിലും അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല.
ഇരിട്ടി താലൂക്കിലേക്കുള്ള പ്രധാന റോഡെന്ന പരിഗണന കിട്ടുന്നതിനായി സണ്ണി ജോസഫ് എം എൽ എ മുഖ്യമന്ത്രിക്കും പൊതുമാരമത്ത് വകുപ്പ് മന്ത്രിക്കും നേരിട്ട് പരാതിയും നൽകിയിരുന്നു. നവകേരള സദസ്സിലും നിരവധി പരാതികൾ ലഭിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രിക്ക് നിരവധി യുവജന സംഘടനകളും റോഡിൻ്റെ നവീകരണം ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു.
കഴിഞ്ഞ ബജറ്റിൽ റോഡ് ഉൾപ്പെടുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ഉപരിതലം പുതുക്കുന്നതിന് 5 കോടി വകയിരുത്തിക്കൊണ്ടുള്ള ഉത്തരവും സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിക്കുന്നത്.
കനത്ത മഴയിൽ നെടുംപൊയിൽ റോഡിൽ ഉണ്ടായ വിള്ളൽ കാരണം കണ്ണൂർ ജില്ലയിൽ നിന്നുമുള്ള വാഹനങ്ങളെല്ലാം പേരാവൂർ, അമ്പായത്തോട്, ബോയ്സ് ടൗൺ റോഡ് വഴിയാണ് പോകുന്നത്. സൈറ്റ് കൈമാറി കിട്ടുന്നതോടെ നിർമ്മാണം ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.