തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. ഇരകൾ പരാതി കൊടുക്കേണ്ട ആവശ്യം ഇല്ല. റിപ്പോർട്ടിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും എത്ര പരാതികളിൽ സർക്കാർ നടപടി എടുത്തുവെന്നും പാർവതി തിരുവോത്ത് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാർവതിയുടെ പ്രതികരണം. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്ന സംഭവത്തിൽ ആദ്യമായാണ് പാർവതി പ്രതികരിക്കുന്നത്.
മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയമാണെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ദ്യാട്ട് പ്രതികരിച്ചിരുന്നു. ജുഡീഷ്യൽ അധികാരമുള്ള കമ്മിറ്റി അല്ല. സിനിമയിൽ സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ചു മൊഴി നൽകിയതാണെന്നും സജി നന്ദ്യാട്ട് പറഞ്ഞു. ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞു. എല്ലാ മേഖലയിലും ഉള്ള പ്രശ്നങ്ങൾ തന്നെയാണ് സിനിമ മേഖലയിലും ഉള്ളതെന്നും സജി നന്ദ്യാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. പതിനായിരക്കണക്കിന് പേര് പ്രവർത്തിക്കുന്ന മേഖലയാണിത്. എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയാൻ പറ്റില്ല. ഐസിസിയിൽ പരാതികൾ വന്നിട്ടില്ലെന്നും സജി നന്ദ്യാട്ട് പറഞ്ഞു. ഹേമ കമ്മിറ്റി ചർച്ച ജനറൽ ബോഡി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബും പ്രതികരിച്ചു. പരാതികൾ ഞങ്ങൾക്ക് കിട്ടിയിട്ടില്ല. റിപ്പോർട്ട് വായിച്ചിട്ടില്ല. അതുകൊണ്ട് ഒന്നും അറിഞ്ഞിട്ടില്ലെന്നും ബിആർ ജേക്കബ്ബ് പറഞ്ഞു. ഇന്നത്തെ ചേംബർ കമ്മിറ്റിയിൽ വിഷയം ചർച്ചക്ക് വന്നിട്ടില്ല. ജനറൽ ബോഡി മീറ്റിംഗിൽ അംഗങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ വിഷയം ചർച്ച ചെയ്യും. പുകമറയിൽ നിന്ന് ചർച്ച ചെയ്യാനില്ല. സിനിമ ഷൂട്ടിംഗ് സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നന്നായി പ്രവർത്തിക്കുന്നുണ്ട്. ഫിലിം ചേംബർ ആവശ്യമായ പരിശോധന നടത്താറുണ്ടെന്നും ബിആർ ജേക്കബ്ബ് പറഞ്ഞു.