ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടികളുമായി ഇഡി; മുന്‍ എംഎല്‍എ എം.സി. കമറുദ്ദീന്റെ സ്വത്ത് കണ്ടു കെട്ടി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടികളുമായി ഇഡി; മുന്‍ എംഎല്‍എ എം.സി. കമറുദ്ദീന്റെ സ്വത്ത് കണ്ടു കെട്ടി


ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ ഫാഷന്‍ ഗോള്‍ഡ് മുന്‍ ചെയര്‍മാനായ മഞ്ചേശ്വരം മുന്‍ എംഎല്‍എ എം.സി. കമറുദ്ദീന്റെ സ്വത്ത് ഇഡി കണ്ടു കെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ. പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താല്‍ക്കാലികമായി പിടിച്ചെടുത്തിട്ടുണ്ട്.

നിക്ഷേപകരെ കമ്പളിപ്പിക്കാനായി അഞ്ച് കമ്പനികളാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എംസി ഖമറൂദ്ദീനും എംഡിയായ പൂക്കോയ തങ്ങളും രജിസ്റ്റര്‍ ചെയ്തത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്‌സിലാണ് ആദ്യ കമ്പനി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2007 ലും 2008 ലും 2012 ലും 2016 ലുമായാണ് മറ്റുകമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്.

ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ ആകെ 800 പേരില്‍ നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.

നേരത്തെ, ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ എംസി കമറുദ്ദീന്‍ ഉള്‍പ്പടെ 29 പ്രതികളാണുള്ളത്. 15 കേസുകളിലാണ് കുറ്റപത്രം നല്‍കിയത്.
ബഡ്‌സ് ആക്ട്, നിക്ഷേപക താല്‍പര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. നിക്ഷേപ തട്ടിപ്പില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 168 കേസുകളാണ്.