84 ലക്ഷം രൂപ വില, റോബോട്ട് നായയോട് കുരയ്ക്കാൻ പറഞ്ഞപ്പോൾ വായിൽ നിന്നും തീ, വെള്ളത്തില്‍ ചാടി യൂട്യൂബര്‍

84 ലക്ഷം രൂപ വില, റോബോട്ട് നായയോട് കുരയ്ക്കാൻ പറഞ്ഞപ്പോൾ വായിൽ നിന്നും തീ, വെള്ളത്തില്‍ ചാടി യൂട്യൂബര്‍


റോബോട്ടിക്സ് വിപ്ലവത്തിൻറെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്തിനും ഏതിനും സഹായികളായി റോബോട്ടുകളെ തേടുന്നതിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. പലതരത്തിൽ സേവനങ്ങൾ ചെയ്യുന്ന റോബോട്ടുകൾ അടുത്തകാലത്തായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ശ്രദ്ധ നേടിയ ഒന്നാണ് റോബോട്ട് നായകൾ. 

ശബ്ദത്തിലൂടെ നാം നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന നായ്ക്കളുടെ രൂപത്തിൽ നിർമ്മിച്ചിട്ടുള്ള ഇത്തരം റോബോട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. അത്തരത്തിൽ ഒരു നായ റോബോട്ടിനെ വാങ്ങി പണി കിട്ടിയ ഒരു യൂട്യൂബറുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കിയ ഈ റോബോട്ടിനോട് കുരയ്ക്കാൻ പറഞ്ഞപ്പോൾ അത് തീ തുപ്പി യൂട്യൂബറെ പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു.

IShowSpeed ​​എന്ന് അറിയപ്പെടുന്ന അമേരിക്കൻ യൂട്യൂബറാണ് ഏകദേശം 84 ലക്ഷം രൂപ വിലയുള്ള ഈ റോബോട്ട് നായയെ സ്വന്തമാക്കി തൻ്റെ വീഡിയോയിൽ അവതരിപ്പിക്കുന്നതിനിടയിൽ പണി വാങ്ങിയത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടെ തൻറെ റോബോട്ട് നായയുടെ കഴിവുകൾ ഇദ്ദേഹം കാഴ്ചക്കാർക്കായി പരിചയപ്പെടുത്തി കൊടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നായയുടെ വായിൽ നിന്നും തീജ്വാലകൾ പുറത്തേക്ക് വരികയും അതിൽ യൂട്യൂബർക്ക് തന്നെ പൊള്ളൽ ഏൽക്കുകയും ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ഇദ്ദേഹം ആദ്യം നായ റോബോയോട് ഇരിക്കാനും തനിക്ക് കൈ തരാനും  ആവശ്യപ്പെടുന്നത് കാണാം. അതെല്ലാം റോബോ കൃത്യമായി അനുസരിക്കുന്നു. തുടർന്ന് അദ്ദേഹം റോബോയോട് കുരയ്ക്കാൻ ആവശ്യപ്പെടുന്നു. അപ്പോഴാണ് റോബോയുടെ വായിൽ നിന്നും തീജ്വാലകൾ പുറത്തേക്ക് വരികയും ഇദ്ദേഹത്തിന് പൊള്ളലേൽക്കുകയും ചെയ്തത്. രക്ഷപ്പെടാനായി തൊട്ടടുത്തുള്ള സിമ്മിംഗ് പൂളിലേക്ക് യൂട്യൂബർ ചാടുന്നതും റോബോയോട് സ്റ്റോപ്പ് കമാൻഡ് നൽകി കുരയ്ക്കുന്നത് നിർത്താൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. 


വളരെ വേഗത്തിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. 45 ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. എന്നാൽ, വീഡിയോ വ്യാജമാണെന്നും എഫക്ടുകൾ ഇട്ട് ആളെ പറ്റിക്കുന്നതാണെന്നും ആയിരുന്നു ചിലരുടെ അഭിപ്രായം.