ഒരാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 900 ഗ്രാം, കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്തത് 526 ഗ്രാം ; സ്വര്‍ണം പൊട്ടിക്കലില്‍ ക്യാരിയറായിരുന്ന ദമ്പതിമാരുടെ വീഡിയോ സംഭാഷണം പുറത്തുവിട്ട് അന്‍വര്‍


ഒരാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത് 900 ഗ്രാം, കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്തത് 526 ഗ്രാം ; സ്വര്‍ണം പൊട്ടിക്കലില്‍ ക്യാരിയറായിരുന്ന ദമ്പതിമാരുടെ വീഡിയോ സംഭാഷണം പുറത്തുവിട്ട് അന്‍വര്‍


നിലമ്പൂര്‍: കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്നുള്ള സ്വര്‍ണം പൊട്ടിക്കലില്‍ പോലീസിനെതിരേ ക്യാരിയര്‍മാരായ ദമ്പതിമാര്‍ പറയുന്ന വീഡിയോ സംഭാഷണം പുറത്തുവിട്ട് പി.വി.അന്‍വര്‍ എം.എല്‍.എ. ഒരാളില്‍ നിന്ന് 900 ഗ്രാം സ്വര്‍ണ പിടിച്ചെടുത്തതിന്റെ രേഖകള്‍ കോടതിയിലില്ലെന്നും മറ്റൊരാളില്‍ നിന്ന് കൊണ്ടുവന്ന 900 ഗ്രാമില്‍ 526 ഗ്രാമാണ് കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അന്‍വര്‍ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ക്യാരിയറായിരുന്ന നിഷാദും ഭാര്യയുമായും നടത്തിയ വീഡിയോ സംഭാഷണം അന്‍വര്‍ പുറത്ത് വിട്ടത്. 2023 മെയില്‍ ഖത്തറില്‍ നിന്ന് വന്നപ്പോള്‍ കുടുംബം കൂട്ടിക്കൊണ്ടു പോകാന്‍ വന്നു. വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. പിന്നാലെ പോലീസ് വാഹനം തടയുകയായിരുന്നുവെന്ന് നിഷാദ് പറഞ്ഞു. കരിപ്പൂര്‍ ടോള്‍ ഗേറ്റിന് സമീപത്ത് നിന്നുമാണ് പോലീസ് ജീപ്പില്‍ കയറ്റിയത്.

കുടുംബത്തോട് കാറില്‍ കാത്തിരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ സ്വര്‍ണത്തിന്റെ ഫോട്ടോയെടുക്കാതെ തന്റെ ഫോട്ടോയെടുത്തുവെന്നും 300 ഗ്രാം വീതം മൂന്നു ക്യാപ്‌സുളുകളുണ്ടായിരുന്നുവെന്നും 900 ഗ്രാം സ്വര്‍ണം ആണ് പിടിച്ചതെന്നും നിഷാദ് പറയുന്നു. യൂണിഫോം ധരിക്കാത്ത രണ്ടു പോലീസുകാരാണ് വന്നത്. ഒപ്പിടാന്‍ പറഞ്ഞിരുന്നില്ല. പിന്നീട് വേറെ പോലീസ് ഉദ്യോഗസ്ഥര്‍ വന്നെന്നും അവര്‍ മറ്റൊന്നും ചോദിച്ചില്ലെന്നും നിഷാദ് പറഞ്ഞു. ' സ്വര്‍ണം പോലീസ് പിടിച്ചുവെച്ചു. സാക്ഷികള്‍ ആരും ഉണ്ടായിരുന്നില്ല.

സ്വര്‍ണം ഉദ്യോഗസ്ഥര്‍ അവിടെ എടുത്തുവെച്ചു. തഹസില്‍ദാര്‍ അടക്കം ആരും ഉണ്ടായിരുന്നില്ല. ഫോണ്‍ തിരിച്ചു തന്നെങ്കിലും പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചുവെച്ചു. എന്നിട്ട് പോകാന്‍ പറഞ്ഞു. പോലീസ് വിളിക്കുമെന്നാണു പറഞ്ഞത്. അതുകൊണ്ട് പിന്നീട് പോലീസിന്റെ അടുക്കല്‍ പോയില്ല. പിന്നീട് കസ്റ്റംസിന്റെ ഉദ്യോഗസ്ഥര്‍ വന്ന് വീട് പരിശോധിച്ചു. പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ പണം തരണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് പോലീസ് വിളിച്ച് മഞ്ചേരി കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞു. വിളിക്കാന്‍ ഒരു നമ്പറും പോലീസ് നല്‍കിയിരുന്നു.' -നിഷാദ് പറഞ്ഞു.

പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ 30,000 രൂപ അടയ്ക്കണമെന്നും പോലീസ് പിന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചില്ലെന്നും നിഷാദ് പറയുന്നു. പറയുന്നത് മുഴുവന്‍ സത്യമാണെന്നും അന്വേഷണം വരുമ്പോള്‍ സഹികരുക്കുമെന്നും ക്യാരിയറും കുടുംബവും വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം ഈ വെളിപ്പെടുത്തല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എസ്.ഐ.ടി. ആ ഭാഗത്തേക്ക് പോയില്ലെന്നും അന്‍വര്‍ പറഞ്ഞു.

പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ആലുവ പാലസിലാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്. വൈകിട്ട് അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വമത സമ്മേളന സെമിനാറില്‍ പങ്കെടുത്തശേഷം ആറരയോടെയായിരുന്നു മുഖ്യമന്ത്രി ആലുവ പാലസില്‍ എത്തിയത്. ഡല്‍ഹിയിലേക്കു പോകുന്നതിന് ഏഴരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയില്‍നിന്നു പ്രതികരണം തേടിയത്. എന്നാല്‍, ചോദ്യങ്ങളോടു പ്രതികരിക്കാതെ കാറിലേക്കു കയറി.