കൊച്ചി: സി പി എം എം എൽ എ പി വി അൻവറിൻ്റെ എ ഡി ജി പി എം ആര്‍ അജിത് കുമാറിൻ്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നതായുള്ള ആരോപണം ഗുരുതരമെന്ന് പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.
മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ സി പി എം എം എൽ എയിൽ നിന്നുണ്ടായ ആരോപണങ്ങളാണ് കൊലപാതകം നടത്തിക്കുന്ന എ ഡി ജി പി, അതിന് പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാലു പിടിക്കുന്ന എസ് പി, ഗുണ്ടാ സംഘം പോലും നാണിച്ചുപോകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, സംരക്ഷണം കൊടുക്കുന്ന പാര്‍ട്ടി നേതൃത്വം എന്നിവയെന്ന് പറഞ്ഞ സതീശൻ, ഇക്കാര്യം കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷം ആരോപിക്കുന്നതാണെന്നും, പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് എന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.
ഇതെല്ലാം തന്നെ സത്യമായ കാര്യങ്ങളാണെന്ന് പി വി അന്‍വറിൻ്റെ ആരോപണത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വർണക്കടത്ത് നടത്തിയത് ഒളിച്ച് വയ്ക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോട് കൂടി എ ഡി ജി പി ഒരാളുടെ കൊലപാതകം നടത്തുന്നുവെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് ഒരു സി പി എം എം എല്‍ എയാണ് എന്നും പറഞ്ഞ സതീശൻ, ഇ പിക്ക് പുറമെ മുഖ്യമന്ത്രിക്കും ബി ജെ പിയുമായി ബന്ധമുണ്ടെന്നും, അദ്ദേഹത്തിൻ്റെ അറിവോട് കൂടിയാണ് മനഃപൂർവ്വം തൃശൂരിൽ ബി ജെ പിയെ സഹായിക്കാനായി പൂരം കലക്കിയതെന്നും ആരോപിച്ചു.
മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി രാജിവച്ച് പോകണമെന്നും ആവശ്യപ്പെട്ടു.