തൃശൂര്‍: തൃശൂര്‍ എംപിയും നടനുമായ സുരേഷ്‌ഗോപിക്കെതിരേ പരാതിയുമായി അഭിഭാഷകന്‍. തൃശൂര്‍പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുമ്പോള്‍ സുരേഷ്‌ഗോപി ആംബുലന്‍സ് അനാവശ്യമായ കാര്യത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. നേരത്തേ സുരേഷ്‌ഗോപി പൂരപ്രദേശത്ത് ആംബുലന്‍സില്‍ വന്നിറങ്ങിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ്. സുനില്‍കുമാറും ആരോപണം ഉന്നയിച്ചിരുന്നു.
സുരേഷ്‌ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ചില വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിരുന്നു. ആര്‍എസ്എസ് ബന്ധമുള്ള ഒരു വരാഹി ഏജന്‍സിയുടെ കോര്‍ഡിനേറ്റര്‍ ആണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വന്‍ വിവാദം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സുരേഷ്‌ഗോപിയെ ആര്‍എസ്എസ് ബന്ധമുള്ള വാഹനത്തില്‍ പൂരപ്പറമ്പില്‍ എത്തിച്ചതായുമുള്ള ആക്ഷേപങ്ങളും ശക്തമായിരിക്കുന്നത്.
മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത്് ആംബുലന്‍സില്‍ സുരേഷ് ഗോപിയെത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് വി.എസ്. സുനില്‍കുമാര്‍ നേരത്തേ പറഞ്ഞത്. പൂരപ്പറമ്പിലെ ഇക്കാര്യം ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്‌സാണെന്നും വരാഹിക്ക് വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് ജയകുമാര്‍ എം ആര്‍ അജിത് കുമാറിനെ കണ്ടതെന്നും ആരോപണമുണ്ട്. വരാഹി അനലിറ്റിക്‌സ് ബിജെപിയുടെ രാജ്യത്തെയാകെ തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്ന സട്രാറ്റജിക്കല്‍ ഏജന്‍സിയാണ്.
വരാഹിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജയകുമാര്‍. ജയകുമാറാണ് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജയകുമാര്‍ തൃശൂരിലുണ്ടായിരുന്നു. വരാഹിയുടെ ആസൂത്രണമാണ് സുരേഷ് ഗോപിയെ തൃശൂരിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.