ആറളത്തെ ആനമതില്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കണം;മന്ത്രി ഒ ആര്‍ കേളു

ആറളത്തെ ആനമതില്‍ മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കണം;മന്ത്രി ഒ ആര്‍ കേളു

ആറളത്തെ ആനമതില്‍ നിര്‍മാണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കണമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍ദേശിച്ചു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടിക ജാതി, പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ജില്ലാ തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ, വന്യജീവി സംഘര്‍ഷം ഏറെ ഗുരുതരമായ പ്രശ്‌നമാണ്. ഇതിന് പരിഹാരമുണ്ടാക്കാനാണ് ആനമതില്‍ പദ്ധതി നടപ്പിലാക്കുന്നത്. അത് എത്രയും വേഗം പൂര്‍ത്തിയാക്കണം. ആവശ്യമായ മരങ്ങള്‍ മുറിച്ചുമാറ്റാനും മറ്റും ആവശ്യമായ നടപടികള്‍ വനം, പൊതുമരാമത്ത് വകുപ്പുകളും ടിആര്‍ഡിഎമ്മും ആറളം ഫാം മാനേജ്‌മെന്റും കൂട്ടായി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആറളം ഫാമില്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് പദ്ധതി യുടെ സാധ്യത പരിശോധിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കി. ഫാമിനെ ലാഭകരമാക്കാന്‍ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനും പുതിയ വിളകള്‍ പരീക്ഷിക്കാനും മന്ത്രി നിര്‍േദശിച്ചു.
എല്ലാ നഗറുകളിലും കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഏത് സങ്കേതത്തിലാണ്, നഗറിലാണ് റോഡ് സൗകര്യം, വൈദ്യുതി ഇല്ലാത്തത് എന്ന് കണ്ടുപിടിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ അതീവ പ്രാധാന്യത്തോടെയുള്ള ഇടപെടല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
പട്ടികജാതി പട്ടിക വര്‍ഗ വകുപ്പുകളിലെ പൊതുവായ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. പദ്ധതി ശുപാര്‍ശ നല്‍കുകയും പണം നല്‍കുകയും മാത്രമല്ല, പദ്ധതി നിര്‍വഹണത്തിന് കൃത്യമായി മേല്‍നോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതും വകുപ്പിന്റെ ചുമതലയാണ്. പദ്ധതികള്‍ സമയബന്ധിതമായും ഫലപ്രദമായും പൂര്‍ത്തിയാക്കുന്നതിന് ഇതാവശ്യമാണ്. ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റിയില്‍ എല്ലാ മാസവും പദ്ധതികളുടെ പുരോഗതി അവലോകനം നടത്തണം. ഇതിനായി നിര്‍വഹണ ഉദ്യോഗസ്ഥരെക്കൂടി ഈ യോഗങ്ങളിലേക്ക് വിളിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ എസ്സി, എസ്ടി മേഖലയിലെ പദ്ധതികളുടെ ഫണ്ട് വിനിയോഗം മെച്ചപ്പെടുത്താനുള്ള ഇടപെടലും ഉണ്ടാകണം. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതും ഫലപ്രദമായി ചേരാന്‍ കഴിയണം. അംബേദ്കര്‍ ഗ്രാമപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പദ്ധതികള്‍ അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ല. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ പൂര്‍ത്തിയാക്കാതെ കിടക്കുന്ന ഹാബിറ്റാറ്റിന്റെ പ്രവൃത്തികള്‍ പരിശോധിച്ച് അന്തിമമായി തീര്‍പ്പാക്കണം.
എസ്സി, എസ്ടി വകുപ്പിലെ പദ്ധതികള്‍ ഭരണാനുമതി നല്‍കാന്‍ വകുപ്പില്‍ സംസ്ഥാന തലത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. അതിനായി പ്രത്യേക ഉത്തരവിറക്കും. ഒരു കോടി വരെയുള്ള പ്രവൃത്തികള്‍ക്ക് ജില്ലാതലത്തില്‍ ഭരണാനുമതി നല്‍കുന്നതിന് ജില്ലാതലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ വിദഗ്ധരടങ്ങിയ സമിതിയും രൂപീകരിക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ മാസവും മന്ത്രിയുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈന്‍ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രൊമോട്ടര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. ആഴ്ചയില്‍ രണ്ടു ദിവസം മാത്രം അവര്‍ ഓഫീസില്‍ വന്നാല്‍ മതി. ബാക്കിയുള്ള നാല് ദിവസം ഫീല്‍ഡില്‍ ആയിരിക്കണം. സ്‌കൂളുകളും അങ്കണവാടികളും സന്ദര്‍ശിക്കല്‍, ഭവന നിര്‍മ്മാണ പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍, സങ്കേതങ്ങളിലെ സന്ദര്‍ശനം എന്നിവ നടത്തണം. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മറ്റും ഇത് സഹായിക്കും.
എസ്സി, എസ്ടി വകുപ്പുകള്‍ക്ക് കീഴിലെ ഹോസ്റ്റലുകളില്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍പരിശോധനകള്‍ നടത്തണം. കെട്ടിടം പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത പെരിങ്ങോം ഹോസ്റ്റല്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണം. സാമൂഹിക പഠനമുറികള്‍ എല്ലാം കൃത്യമായി പ്രവര്‍ത്തിപ്പിക്കണം. ഇവ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പിഎസ്സി ക്ലാസുകള്‍ ആരംഭിക്കും. വകുപ്പുകള്‍ ഹോംസര്‍വ്വേ പൂര്‍ത്തിയാക്കണം. എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് എത്രയും വേഗം മാറേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു