കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി പുതിയ ഐഫോണ്‍ 16 സിരീസും ആപ്പിള്‍ വാച്ചുകളും നാലാം ജനറേഷന്‍ എയര്‍പോഡുകളും പുറത്തിറക്കിയ മാസമായിരുന്നു സെപ്റ്റംബര്‍. ഒക്ടോബര്‍ മാസത്തിലും പുതിയ ആപ്പിള്‍ പ്രൊഡക്ടുകള്‍ വരാനിടയുണ്ട്. പുതിയ മാക്, ഐപാഡ് ഡിവൈസുകള്‍ എന്നിവ ആപ്പിള്‍ ഈ മാസം പുറത്തിറക്കും എന്നാണ് പ്രതീക്ഷ. പുതിയ ചിപ്പും ഡിസൈന്‍ മാറ്റങ്ങളുടെ അവതരണവും മറ്റ് സര്‍പ്രൈസ് പ്രഖ്യാപനങ്ങളും ഇതിനൊപ്പമുണ്ടാകും എന്ന് കരുതപ്പെടുന്നു.
മാക്‌ബുക്ക് പ്രോ അപ്‌ഗ്രേഡാണ് പ്രതീക്ഷിക്കുന്ന ഒരു പ്രഖ്യാപനം. എം4 ജനറേഷന്‍ ചിപ്പ് ആപ്പിള്‍ ഉടന്‍ പുറത്തിറക്കിയേക്കും. എം4 ചിപ്പും 16 ജിബി റാമും ഒരു അധിക തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടും ഉള്‍പ്പെടുന്ന പുതിയ 14-ഇഞ്ച് മാക്‌ബുക്ക് പ്രോയാണ് പ്രതീക്ഷിക്കുന്ന ഒരു പ്രൊഡക്റ്റ്. സാധാരണ ഉപയോഗങ്ങള്‍ ലക്ഷ്യമിട്ടുള്ള മാക്‌ബുക്ക് പ്രോയായിരിക്കും ഇത്. ഒരു പതിറ്റാണ്ടിന് ശേഷം മാക് മിനിയില്‍ അപ്‌ഡേറ്റ് നടന്നേക്കും. എം4, എം4 പ്രോ ചിപ്പുകളാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്. യുഎസ്‌ബി-എ പോര്‍ട്ട് ഡിവൈസിനുണ്ടാകില്ല എന്നും റൂമറുകളുണ്ട്. ആപ്പിള്‍ ടിവി ബോക്സിന്‍റെ വലിപ്പം കണക്കാക്കുന്ന പുതിയ മാക് മിനി ഡെസ്‌ക്‌ടോപ്പുകള്‍ക്ക് പുത്തന്‍ ലുക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐമാക്കിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഐമാക്കും എം4 ചിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്തേക്കും. മാജിക് മൗസ്, മാജിക് ട്രാക്‌പാഡ്, മാജിക് കീബോര്‍ഡ് എന്നിവയുടെ പരിക്ഷ്കരിച്ച പതിപ്പുകളും ആപ്പിള്‍ ഈ മാസം അവതരിപ്പിക്കാനിടയുണ്ട്. യുഎസ്‌ബി സി പോര്‍ട്ടിലേക്ക് ഇവ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പുതിയ ഐഫോണുകളിലടക്കം ടൈപ്പ്-സി ചാര്‍ജറാണ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിളിന്‍റെ ഏറ്റവും ചെറിയ ടാബ്‌ലറ്റായ ഐപാഡ് മിനിയും ചിപ്പിലെ അപ്‌ഡേറ്റ് അടക്കം പുതുമോടിയില്‍ ഈ ഒക്ടോബറില്‍ എത്തിയേക്കും. 2021ന് ശേഷം ഐപാഡ് മിനിയില്‍ അപ്‌ഡേറ്റ് നടന്നിട്ടില്ല.