ഈ ഐസ്ക്രീമിൽ പാലില്ല,18% നികുതി നൽകണമെന്ന് ജിഎസ്ടി അതോറിറ്റി


ഈ ഐസ്ക്രീമിൽ പാലില്ല,18% നികുതി നൽകണമെന്ന് ജിഎസ്ടി അതോറിറ്റി


സോഫ്റ്റ് ഐസ്ക്രീമിനെ ഒരു പാൽ ഉൽപന്നമായി കണക്കാക്കാൻ കഴിയില്ലെന്ന് ജിഎസ്ടി അതോറിറ്റി. അതുകൊണ്ടുതന്നെ 18 ശതമാനം ജിഎസ്ടി നൽകണമെന്ന് അതോറിറ്റി അറിയിച്ചു. സോഫ്റ്റ് ഐസ്ക്രീം നിർമ്മിക്കുന്നത് പാലുകൊണ്ടല്ല, പഞ്ചസാരയാണ് ഇതിൻ്റെ പ്രധാന ചേരുവ. അതിനാൽത്തന്നെ ഇതിന് പാൽ ഉൽപന്നങ്ങൾക്ക് ചുമത്തുന്ന 5 ശതമാനം ജിഎസ്ടിയുടെ പരിധിയിൽ പെടുത്താൻ കഴിയില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. 

വിആർബി കൺസ്യൂമർ പ്രോഡക്‌ട്‌സ് എന്ന കമ്പനി തങ്ങളുടെ ഉൽപ്പന്നമായ വാനില സോഫ്റ്റ് ഐസ്ക്രീമിനെ  5 ശതമാനം ജിഎസ്ടി ചുമത്തുന്ന  ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. പ്രകൃതിദത്തമായ പാൽ ഘടകങ്ങളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഇതിന് 5 ശതമാനം ജിഎസ്ടി ഈടാക്കണമെന്നും കമ്പനി വാദിച്ചു. 'സ്വാഭാവിക പാൽ ഘടകങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഈ ഐസ്ക്രീമിൽ ഉൾപ്പെടുന്നെന്നും അതിൽ പഞ്ചസാരയോ മധുരമോ ചേർത്താലും ഇല്ലെങ്കിലും അത് പാലുത്പന്നമായിരിക്കും എന്ന കമ്പനി പറഞ്ഞു. 

എന്നാൽ ജിഎസ്ടി അതോറിറ്റി ഈ അവകാശവാദം നിരസിക്കുകയും ഉൽപ്പന്നത്തിൻ്റെ പ്രധാന ഘടകം പഞ്ചസാര ആണെന്നും അതായത് 61.2 ശതമാനം പഞ്ചസാര ആണെന്നും പാൽ പദാർഥങ്ങൾ അല്ലെന്നും വാദിച്ചു. ഐസ്‌ക്രീമിൽ സ്റ്റെബിലൈസറുകളും ഫ്ലേവറിംഗുകളും പോലുള്ള അഡിറ്റീവുകളും ചേർക്കുന്നു, ഇത് 'സ്വാഭാവിക' പാലുൽപ്പന്നങ്ങളുടെ വിഭാഗത്തിൽ നിന്ന് ഈ ഐസ്‌ക്രീമിനെ ഒഴിവാക്കാൻ കാരണമാണെന്നും അതോറിറ്റി പറഞ്ഞു. 

പാലുൽപ്പന്നങ്ങളെ ചൊല്ലി മുൻപും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പുളിപ്പിച്ച പാൽ ഉൽപന്നമായ ലസ്സിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയതായി നേരത്തെ എഎആർ പ്രഖ്യാപിച്ചിരുന്നു. ഫ്ലേവർഡ് പാലിന് 12% ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ട്.