ന്യൂഡൽഹി: ഫലസ്തീനിലേക്ക് വീണ്ടും ഇന്ത്യയുടെ സഹായം. 30 ടൺ മെഡിക്കൽ സാമഗ്രികളും മരുന്നുകളും കേന്ദ്ര സർക്കാർ പലസ്തീനിലേക്ക് അയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഒദ്യോഗിക വക്താവ് രൺധീർ ജെയ്സ്വാളാണ് ദുരിതാശ്വാസ സാമഗ്രികൾ അയച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ രണ്ടാമതും ഫലസ്തീനിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നത്. ജീവൻ രക്ഷാമരുന്നുകളും ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളും ഉൾപ്പെടെയുള്ള മെഡിക്കൽ സാമഗ്രികളാണ് ഫലസ്തീനിലെ ജനങ്ങൾക്കായി ഇന്ത്യ അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വിശദീകരിക്കുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ പലസ്തീനിലേക്കുള്ള 30 ടൺ അവശ്യ സാധനങ്ങൾ കൈമാറിയത്. ഫലസ്തീൻ അഭയാർത്ഥികളുടെ ദുരിതാശ്വാസത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭാ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി വഴിയാണ് മരുന്നുകളും ഭക്ഷണ സാധനങ്ങളുമടങ്ങുന്ന 30 ടൺ അവശ്യ വസ്തുക്കൾ കൈമാറിയത്. അവശ്യ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ദന്തചികിത്സാ ഉത്പന്നങ്ങളും മറ്റ് പൊതുമരുന്നുകളും ഹൈ എനർജി ബിസ്കറ്റുകളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് അന്ന് അയച്ചത്. പലസ്തീനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്ര സഭാ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എയ്ക്ക് രണ്ടര ദശലക്ഷം ഡോളറിന്റെ സഹായധനത്തിന്റെ ആദ്യ ഗഡു ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യ കൈമാറിയിരുന്നു.