കട ബാധ്യത മൂലം അമ്മ മരിച്ചു, സഹോദരി ആത്മഹത്യ ചെയ്തു, പറഞ്ഞത് സഹതാപത്തിൻ്റെ കഥകൾ മാത്രം; 4 കോടി തട്ടിയ പ്രതികൾ
കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ സാദരയിൽ വച്ച് കോഴിക്കോട് സൈബർ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. മുഖ്യപ്രതി സുനിൽ ദംഗി, കൂട്ടുപ്രതി ശീതൽ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്. സൈബർ തട്ടിപ്പിൻ്റെ പുതിയ വേർഷനായിരുന്നു ഇവർ കോഴിക്കോട് സ്വദേശിയിൽ പയറ്റിയത്. ജോലി വാഗാദനമോ, പണം തന്നാൽ, ഇരട്ടി ലാഭം തരാം തുടങ്ങിയ പതിവ് തട്ടിപ്പ് രീതിയോ അല്ല, സഹതാപം മുതലെടുത്താണ് പ്രതികളുടെ തട്ടിപ്പ് സ്റ്റൈൽ.
ജനുവരി ഒന്നിനാണ് കോഴിക്കോട് പൊറ്റമ്മൽ സ്വദേശിക്ക് ഒരു ഫോൺ കാൾ വരുന്നത്. ജൈന മതക്കാരൻ ആണെന്ന് പരിചയപ്പെടുത്തുന്നു. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു, സാമ്പത്തിക ബാധ്യതയുടെ ദുഃഖം താങ്ങാനാകാതെ അമ്മ മരിച്ചു, സഹോദരി ആത്മഹത്യ ചെയ്തു, കടബാധ്യത തീർക്കാൻ സഹായിക്കാമോ എന്നായിരുന്നു ചോദ്യം. പരാതിക്കാരൻ വിശ്വസിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോൾ, പ്രതികൾ പരിഭവങ്ങളുടെ കെട്ടയച്ചു. ഒപ്പം വിവിധ ഫോട്ടോകളും വിശ്വസിപ്പിക്കാൻ പാകത്തിന് ശബ്ദ സന്ദേശങ്ങളും കൈമാറി. പാവമെന്ന് കരുതിയ പരാതിക്കാരൻ അകമഴിഞ്ഞ് സഹായിച്ചു. പരാതിക്കാരൻ പണമയച്ചു തുടങ്ങിയതോടെ പ്രതികൾ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്യുകയായിരുന്നു