ജ്യൂസില്‍ ലഹരി നല്‍കി ഒഡീഷക്കാരിയെ പീഡിപ്പിച്ചു ; പിറ്റേന്നു രാവിലെ യുവതിയെ വീട്ടില്‍ തനിച്ചാക്കി കുടുംബത്തോടൊപ്പം തീര്‍ഥാടന യാത്രയ്ക്ക് പോയി, വീട്ടുടമയായ 74 കാരന്‍ ഇപ്പോള്‍ ഒളിവില്‍


ജ്യൂസില്‍ ലഹരി നല്‍കി ഒഡീഷക്കാരിയെ പീഡിപ്പിച്ചു ; പിറ്റേന്നു രാവിലെ യുവതിയെ വീട്ടില്‍ തനിച്ചാക്കി കുടുംബത്തോടൊപ്പം തീര്‍ഥാടന യാത്രയ്ക്ക് പോയി, വീട്ടുടമയായ 74 കാരന്‍ ഇപ്പോള്‍ ഒളിവില്‍


കൊച്ചി: ജ്യൂസില്‍ ലഹരി പദാര്‍ഥം ചേര്‍ത്തുനല്‍കി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച വീട്ടുടമ ഒളിവില്‍. ഒഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(23) പീഡിപ്പിച്ച 74 വയസുകാരനായി പോലീസ് അനേ്വഷണം തുടങ്ങി. വൈറ്റില സില്‍വര്‍ സാന്‍ഡ് ദ്വീപിലെ താമസക്കാരനും പൊതുമേഖലാ സ്ഥാപനത്തിന്റെ മുന്‍ ഉന്നത ഉദ്യോഗസ്ഥനുമായ കെ. ശിവപ്രസാദിനെ(75)തിരെയാണു മരട് പോലീസ് കേസെടുത്തത്.

കഴിഞ്ഞ 15-നായിരുന്നു സംഭവം. 17-നു തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് പറയുന്നു. പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീര്‍ഥാടനത്തിനുപോയ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 15-നു രാവിലെ ഭാര്യ പുറത്തു പോയ സമയത്ത് പ്രതി ജ്യൂസില്‍ ലഹരിപദാര്‍ഥം കലര്‍ത്തി നല്‍കിയ ശേഷം കടന്നു പിടിച്ചെന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി.

തന്റെ ബോധം മറഞ്ഞതിനാല്‍ തുടര്‍ന്നു നടന്നതൊന്നും അറിയില്ലെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു. ഇതിനാല്‍, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനല്‍ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തുടര്‍ന്നു നടത്തിയ വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ടും ഡോക്ടറുടെ സാക്ഷ്യവും പീഡനം നടന്നത് സ്ഥിരീകരിച്ചു. ഇതോടെ പീഡനക്കുറ്റം ചുമത്താന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ പിറ്റേന്നു രാവിലെ യുവതിയെ വീട്ടില്‍ തനിച്ചാക്കി പ്രതിയും കുടുംബവും തീര്‍ഥയാത്ര പോയിരുന്നു.

ഇൗ സമയത്ത് യുവതി നഗരത്തില്‍ വീട്ടുജോലി ചെയ്യുന്ന ബന്ധു വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സാമൂഹിക സംഘടനയെ (സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ്-സി.എം.ഐ.ഡി.) സംഭവം അറിയിച്ചു. ഇവര്‍ വിവരം നല്‍കിയതോടെ പോലീസ് എത്തിയാണു യുവതിയെ വീട്ടില്‍നിന്നു രക്ഷപ്പെടുത്തിയത്. യുവതിയുടെ ആദ്യ മൊഴി മുഖവിലയ്‌ക്കെടുക്കാതെ പോലീസ് നടത്തിയ പരിശോധനയും തുടരനേ്വഷണവുമാണു സംഭവം പുറത്തുകൊണ്ടു വന്നത്.

ഒഡിഷയിലെ ഗജപതി ജില്ലാ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയായ ആദിവാസി യുവതിയാണു പീഡനത്തിനിരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 12 വയസ് മുതല്‍ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ നാലിനു കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടില്‍ 15,000 രൂപ മാസശമ്പളത്തില്‍ ജോലിക്കായെത്തിയത്. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുയരുന്നതിനിടെ ഇയാള്‍, ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.