തൃശൂര്‍: എരുമപ്പെട്ടി വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പിലക്കാട് എടത്തിക്കര വീട്ടില്‍ 52 വയസ്സുള്ള സന്തോഷിനെയാണ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത് സംഘര്‍ഷത്തിനിടയാക്കി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സഹോദരന്മാരായ കുണ്ടന്നൂര്‍ ചീരമ്പത്തൂര്‍ വീട്ടില്‍ രവീന്ദ്രന്‍, അനിയന്‍ അരവിന്ദാക്ഷന്‍ എന്നിവരെ പാടശേഖരത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടശേഖരത്തില്‍ പന്നിയെ പിടികൂടാന്‍ നിയമവിരുദ്ധമായി സ്ഥാപിച്ച കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പെരുമ്പാവൂര്‍ സ്വദേശിയായ പ്രതി സന്തോഷ് പിലക്കാട് വന്ന് താമസമാക്കിയതാണ്. മരിച്ചവരുടെ ബന്ധുവായ കൃഷ്ണന്‍കുട്ടിയുടെ സ്ഥലത്താണ് ഉടമ അറിയാതെ ഇയാള്‍ വൈദ്യുതി കെണി ഒരുക്കിയിരുന്നത്. പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനില്‍ നിന്നാണ് ഇയാള്‍ ഇതിനായി വൈദ്യുതി എടുത്തിരുന്നതെന്ന് പറയുന്നു. വൈദ്യുതി കമ്പികള്‍ സ്ഥാപിച്ചത് അറിയാതെ രാത്രി മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് സഹോദരന്മാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.