തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ ഇനിയും പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും. ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻറെ തെളിവാണെന്ന വാദവും ശക്തമാകുന്നു.
മുഖം മിനുക്കാൻ അഭിമുഖം നൽകിയ ദി ഹിന്ദു നൽകിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്. ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സൺ എന്ന പിആർ ഏജൻസി, അഭിമുഖത്തിൽ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നൽകിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയിൽ ഇത്രസ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം. ദി ഹിന്ദു വിശദീകരണം കത്തിപ്പടരുമ്പോഴും ഏജൻസിയെ ഇത് വരെ മുഖ്യമന്ത്രിയോ ഓഫീസോ തള്ളുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർക്ക് ഏജൻസിയുമായി ബന്ധമുണ്ടെന്ന വിവരമുണ്ട്. ഏജൻസിയെ തള്ളിപ്പറഞ്ഞാൽ മുഖ്യമന്ത്രിയുടെ അറിവില്ലാത്ത കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തത് ഗുരുതരകുറ്റം. അങ്ങിനെ മുഖ്യമന്ത്രിയും ഓഫീസും ആകെ കുഴഞ്ഞു.
തനിക്ക് പിആർ ഏജൻസി ബന്ധമെന്ന് പ്രതിപക്ഷ ആരോപണത്തെ എന്നും രൂക്ഷമായാണ് പിണറായി വിജയന്‍ തള്ളിയത്. സുനില്‍ കനഗോലു കോണ്‍ഗ്രസ് യോഗത്തില്‍ ഇരുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി ദി ഹിന്ദു ദിനപത്രത്തിലെ പിആർ ബന്ധം വിശദീകരിക്കേണ്ട സ്ഥിതിയിലാണ്. പി വി അന്‍വര്‍ ന്യൂനപക്ഷ കാര്‍ഡ് വീശി ഉയര്‍ത്തിയ വെല്ലുവിളിയും എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദവും നേരിട്ട പ്രതിച്ഛായ പുതുക്കാനുള്ള നീക്കമായിരുന്നു വിവാദ അഭിമുഖം. പിആര്‍ഡി ഉള്ളപ്പോള്‍ ഏജന്‍സി ചെയ്യുന്ന സഹായത്തിന് ആര്‍ പണം നല്‍കും എന്ന് വിശദീകരിക്കേണ്ട് ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.