ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ക്ഷേത്രത്തിലെ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിലെ മൂന്നു പ്രതികളാണ് പിടിയിലായിരിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുള്‍പ്പെടുന്നു. ഇവര്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിപുലമായ അന്വേഷണത്തിനൊടുവില്‍ ഹരിയാനയില്‍വെച്ചാണ് പ്രതികള്‍ മൂവരും പിടിയിലായത്.

ഒക്ടോബര്‍ 13 ന് രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. അതീവസുരക്ഷാമേഖലയിലായിരുന്നു മോഷണം. കേരള പൊലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്.

ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തില്‍ ഹരിയാനയിലേക്ക് കടന്നത്. ഫോര്‍ട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.