ഇരിട്ടിയിൽ വ്യാപാരികള്‍ക്ക് തലവേദനയായി റബര്‍ ഷീറ്റിലും വ്യാജനെത്തി, കാഴ്ചയിൽ ഗ്രേഡ്ഷീറ്റിന് സമാനം

ഇരിട്ടിയിൽ വ്യാപാരികള്‍ക്ക് തലവേദനയായി റബര്‍ ഷീറ്റിലും വ്യാജനെത്തി, കാഴ്ചയിൽ ഗ്രേഡ്ഷീറ്റിന് സമാനം.






















ഇരിട്ടി : റബർ ഷീറ്റിലും വ്യാജനെത്തി. ഒറ്റ നോട്ടത്തില്‍ രൂപത്തിലും നിറത്തിലും ഗ്രേഡ്ഷീറ്റ് പോലെ തോന്നിക്കുന്ന വ്യാജ ഷീറ്റുകളാണ് വിപണിയിലെത്തിയത്.

സാധാരണ റബർ ഷീറ്റ് മെഷീനില്‍ അടിച്ചെടുത്ത് പുക കൊള്ളിച്ചോ വെയിലത്തോ ഉണക്കിയെടുക്കുന്ന ഷീറ്റുകള്‍ക്ക് സമാന രീതിലുള്ളതാണ് ഈ വ്യാജൻ ഷീറ്റുകളും. അതിനാല്‍ത്തന്നെ യാഥാർത്ഥ ഷീറ്റുകളുടെ കൂട്ടത്തില്‍ നിന്ന് ഇവയെ എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയില്ല.

കാഴ്ചയില്‍ ഗ്രേഡ്ഷീറ്റിന് സമാനമായ രീതിയിലായതിനാല്‍ സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ മാത്രമേ വ്യാജനെ തിരിച്ചറിയാൻ കഴിയുകയുള്ളൂ. 

മലയോരത്തെ പ്രധാന ടൗണുകളിലെ റബർ വ്യാപര കേന്ദ്രങ്ങളിലെല്ലാം ഇത്തരം വ്യാജ റബർ ഷീറ്റുകളെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉളിക്കല്‍ ടൗണിലെ ഒരു റബർ വ്യാപര സ്ഥാപനത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന ഷീറ്റില്‍ ഉണ്ടായിരുന്ന വ്യാജന് തൂക്കം കൂടുതലുണ്ടായിരുന്നു. മഴക്കാലമായതിനാല്‍ ഉണക്കം കുറഞ്ഞതായിരിക്കും തൂക്കക്കൂടുതലിന് കാരണമെന്ന് വിൽപ്പനക്കാരനും പറഞ്ഞു. ഷീറ്റ് ലോട്ടിലേക്ക് മാറ്റി വച്ചു. ഒരു കിലോയിലധികം തൂക്കം ശ്രദ്ധയില്‍പ്പെട്ടതാണ് റബറില്‍ വ്യാജൻ ഉണ്ടെന്ന കാര്യം തിരിച്ചറിയാനിടയാക്കിയത്.

കടയുടമ വില കണക്കാക്കി പണം അക്കൗണ്ടിലേക്ക് അയക്കാമെന്ന് പറഞ്ഞപ്പോള്‍ പണം കൈയില്‍ തരണമെന്ന് വില്‍പനക്കായി എത്തിച്ചയാള്‍ ആവശ്യപ്പെട്ടു. കൈയില്‍ തരാൻ പണമില്ലാത്തതിനാല്‍ ഷീറ്റ് വില്‍പനക്കായി എത്തിച്ചയാള്‍ ഷീറ്റ് മറ്റൊരു കടയില്‍ വില്‍പന നടത്തി പണം വാങ്ങി പോവുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ ഇവ വ്യാജ ഷീറ്റാണെന്ന് മനസ്സിലായി.

വള്ളിത്തോടിലും മണിക്കടവിലും ഇത്തരത്തിലുള്ള വ്യാജഷീറ്റുകള്‍ വാങ്ങി വ്യാപാരികള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. അക്കൗണ്ടില്‍ പണം വാങ്ങിയാല്‍ ആളെ തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് പണമായി കൈയില്‍ തന്നെ തരാൻ ആവശ്യപ്പെടുന്നത്.

വ്യാജൻമാർ ഉണ്ടായതോടെ എല്ലാ ഷീറ്റുകളും പരിശോധിക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു.


വ്യാജനെ തിരിച്ചറിയാം

സാധാരണ ഗ്രേഡ് ഷീറ്റ് 450 -600 വരെ ഗ്രാം തൂക്കമാണുണ്ടാവുക. റബർ ബോർഡ് 450നും 550 ഗ്രാമിനും ഇടയിലുള്ള ഷീറ്റുകളാണ് ഗ്രേഡായി കണക്കാക്കുന്നത്. റബർ പാലിനൊപ്പം മറ്റെന്തോ വസ്തു ചേർത്താണ് വ്യാജൻ നിർമിക്കുന്നത്. ഇതാണ് തൂക്ക കൂടുതലിന് കാരണം. വ്യാജ ഷീറ്റുകള്‍ വലിച്ചാല്‍ കീറുകയും വെള്ളത്തിലിട്ടാല്‍ മുങ്ങിപോവുകയും ചെയ്യും. 

സാധാരണ ഷിറ്റുകള്‍ വലിച്ചാല്‍ കീറുകയില്ല, വെള്ളത്തിലിട്ടാല്‍ പൊങ്ങി കിടക്കുകയും ചെയ്യുമെന്ന് വ്യാപാരികള്‍ പറഞ്ഞു. റബർ പാലിനൊപ്പം ചോക്ക് പൊടിയോ മറ്റൊ ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇവർ പറയുന്നത്.