‘ജനിച്ചവരെല്ലാം സമന്‍മാര്‍, ഇനി ഞാനും നീയുമില്ല, നമ്മള്‍ മാത്രം' ; ആവേശത്തിലാഴ്ത്തി വിജയ്‌യുടെ പ്രസംഗം


‘ജനിച്ചവരെല്ലാം സമന്‍മാര്‍, ഇനി ഞാനും നീയുമില്ല, നമ്മള്‍ മാത്രം' ; ആവേശത്തിലാഴ്ത്തി വിജയ്‌യുടെ പ്രസംഗം



ചെന്നൈ: ജനിച്ചവരെല്ലാം സമന്‍മാരെന്ന നയപ്രഖ്യാപനവുമായി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തില്‍ സദസിനെ കയ്യിലെടുത്ത് നടന്‍ വിജയ്. രാഷ്ട്രീയമെന്ന പാമ്പിനെ പേടിക്കാതെ മുന്നോട്ട് പോകുന്ന കുട്ടിയാണ് താനെന്ന് വിജയ് പറഞ്ഞു. ഇനി ഞാനും നീയുമില്ല, നമ്മള്‍ മാത്രമേയുള്ളുവെന്നും വിജയ് പറഞ്ഞു. എല്ലാവരും സമമാണെന്നും രാഷ്ട്രീയത്തില്‍ ഭയമില്ലെന്നും രാഷ്ട്രീയം മാറണമെന്നും വിജയ് പറഞ്ഞു.

ഇതുവരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പറ്റി പറഞ്ഞ് സമയം കളയാനില്ല. പ്രശ്‌നത്തിന് പരിഹാരം വേണം. അതാണ് ലക്ഷ്യം. രാഷ്ട്രീയമെന്ന പാമ്പിനെ ഞാന്‍ കയ്യിലെടുക്കാന്‍ പോകുന്നു. സിരിപ്പും സീരിയസ്‌നസും ചേര്‍ത്ത് മുന്നോട്ട് പോകും. രാഷ്ട്രീയം മാറിയില്ലെങ്കില്‍ പുതിയ ലോകം അതിനെ മാറ്റും', വിജയ് പറഞ്ഞു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷം നേടും. ജനം ടി.വി.കെ ചിഹ്നത്തില്‍ വോട്ടുചെയ്യും. അഴിമതിക്കാരെ പുറത്താക്കും. ടി.വി.കെയുടെ നയം അംഗീകരിക്കുന്ന പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നു. കരിയറിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അതുപേക്ഷിച്ച് വന്നത് ജനത്തെ വിശ്വസിച്ചാണെന്നും വിജയ് പറഞ്ഞു.

തമിഴ്‌നാടിന് വേണ്ടി പൊരുതിയവരാണ് തന്റെ വഴികാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പെരിയോര്‍ ദൈവത്തെ പോലെ വഴികാട്ടുമെന്നും വിജയ് പറഞ്ഞു. തലൈവര്‍ കാമരാജും ബി ആര്‍ അംബേദിക്കറും വഴികാട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പെരിയോറിന്റെ നയങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രസംഗത്തില്‍ വികാരാധീതനായാണ് വിജയ് സംസാരിച്ചത്.

ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡിഎംകെ സര്‍ക്കാര്‍ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബം. രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ല. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താൻ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടി ധരിച്ചവരെ നേരിടുന്ന നാള്‍ വിദൂരമല്ല.

മധുരയില്‍ ഒരു ചീഫ് സെക്രട്ടേറിയറ്റ് ബ്രാഞ്ച് സ്ഥാപിക്കും, ഔദ്യോഗിക ഭാഷയായി തമിഴ്- വ്യവഹാര ഭാഷ ഉപയോഗിക്കും, തമിഴ് ഭാഷയില്‍ ഗവേഷണ വിദ്യാഭ്യാസം, തമിഴ് മീഡിയം വഴി പഠിച്ചവര്‍ക്ക് ജോലിയില്‍ മുന്‍ഗണന, ഭൂഗര്‍ഭ ഖനനത്തിന് മുന്‍ഗണന, സംസ്ഥാന സ്വയംഭരണാവകാശം വീണ്ടെടുക്കല്‍, വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ കൊണ്ടുവരാനുള്ള നീക്കം, യാഥാസ്ഥിതിക ആചാരങ്ങള്‍ ഇല്ലാതാക്കും തുടങ്ങിയവയാണ് നയത്തില്‍ വ്യക്തമാക്കുന്നത്. ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്നും ആവശ്യവും ടിവികെ മുന്നോട്ട് വെക്കുന്നു.

Ads by Google