എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കി, പരിശോധന തുടങ്ങി

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയുടെ ദില്ലി - ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി. എഐ 127 നമ്പർ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതാണെന്നും വാർത്താക്കുറിപ്പിൽ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി