ഉഗ്രസ്‌ഫോടനം.. തീഗോളത്തിലേക്ക് എടുത്തുചാടി തെയ്യംകലാകാരനായ പൊലീസുകാരന്‍, കുട്ടിയുമായി പുറത്തേക്ക്


ഉഗ്രസ്‌ഫോടനം.. തീഗോളത്തിലേക്ക് എടുത്തുചാടി തെയ്യംകലാകാരനായ പൊലീസുകാരന്‍, കുട്ടിയുമായി പുറത്തേക്ക്


നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ തെയ്യം മഹോത്സവത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാരെല്ലാം. ഉത്തര മലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ്. രണ്ട് ദിവസങ്ങളിലായാണ് ഇവിടെ തെയ്യം മഹോത്സവം കൊണ്ടാടുന്നത്. അതിനാല്‍ തന്നെ ആയിരക്കണക്കിന് പേരാണ് ഉത്സവപരിപാടികളില്‍ പങ്കെടുക്കാനായി എത്തുന്നത്.

ഇന്നലെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാടിനിടെയായിരുന്നു അപകടമുണ്ടായത്. ഈ സമയം തെയ്യത്തിന് ചുറ്റും നിരവധി ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. പൊലീസുകാരന്‍ കൂടിയായ നിധിന്‍ പണിക്കരും തെയ്യം കലാകാരനായി സംഭവസ്ഥലത്തുണ്ടായിരുന്നു. നിധിന്‍ പണിക്കര്‍ സമീപത്തെ കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യം കൊട്ടിയാടാറുള്ള ആളാണ്.

പടക്കങ്ങള്‍ പൊട്ടിയതിന് പിന്നാലെ വെടിപ്പുര പൊട്ടിത്തെറിയ്ക്കുന്നതും കത്തിയമരുന്നതും കണ്ട നിധിന്‍ ഉടന്‍ തന്നെ പടക്കശാലയ്ക്ക് സമീപത്തേക്ക് കുതിക്കുകയായിരുന്നു. ആളുകളെ വകഞ്ഞുമാറ്റി നിധിന്‍ പൊട്ടിത്തെറി ഉണ്ടായിടത്തേക്ക് ഓടി. തീ കത്തുന്നതിനിടയിലേക്ക് എടുത്ത് ചാടി അവിടെ കുടുങ്ങി കിടന്ന കുട്ടിയേയും കൊണ്ടാണ് നിധിന്‍ പണിക്കര്‍ പുറത്തേക്ക് എത്തിയത്.

വലിയ ശബ്ദത്തോടെ പടക്കശാല പൊട്ടിത്തെറിക്കുന്നത് കണ്ടെന്നും ഉടന്‍ തന്നെ അങ്ങോട്ട് ചെല്ലുകയായിരുന്നു എന്നും നിധിന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പൊള്ളലേറ്റു കിടക്കുന്ന കുട്ടികളേയും സ്ത്രീകളേയും കണ്ടു എന്നും ഒരു കുട്ടി പെട്ടുകിടക്കുന്നത് കണ്ടപ്പോള്‍ ഒന്നും നോക്കാതെ എടുത്ത് പോരുകയായിരുന്നു എന്നും നിധിന്‍ പണിക്കര്‍ പറയുന്നു. അപകടത്തില്‍ 150 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്.

1500 ഓളം പേര്‍ സംഭവസമയത്ത് കാവിലുണ്ടായിരുന്നു എന്നാണ് വിവരം. ഓലപടക്കം പൊട്ടുന്നതിനിടെ ഉണ്ടായ തീപ്പൊരി പടക്കങ്ങള്‍ ശേഖരിച്ച കലവറയ്ക്കുള്ളിലേക്ക് വീണായിരുന്നു അപകടം. പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരവും ഒരാളുടെ നില അതീവ ഗുരുതരവുമാണ് എന്നാണ് വിവരം. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അനുമതിയില്ലാതെയാണ് പടക്ക ശേഖരം സൂക്ഷിച്ചിരുന്നതെന്ന് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി. പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് തന്നെ ആളുകള്‍ കൂടി നിന്നിരുന്നു. മാത്രമല്ല പടക്കങ്ങള്‍ പൊട്ടിച്ചതും ഇതിന് അടുത്ത് വെച്ച് തന്നെയായിരുന്നു. പടക്കശേഖരം ഉണ്ടായിരുന്ന കെട്ടിടവും ആളുകള്‍ നിന്നിരുന്ന സ്ഥലവും തമ്മില്‍ നിയമാനുസൃതം വേണ്ട അകലം ഉറപ്പാക്കിയിരുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. ഷീറ്റ് ഇളകിതെറിക്കുകയും ചെയ്തിട്ടുണ്ട്. പൊള്ളലേറ്റുള്ള പരിക്കിന് പുറമെ തിക്കിലും തിരക്കിലും പെട്ടും പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, സഞ്ജീവനി ആശുപത്രി, ഐശാല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മിംസ്, കോഴിക്കോട് മിംസ്, അരിമല ആശുപത്രി, കെഎഎച്ച് ചെറുവത്തൂര്‍, മണ്‍സൂര്‍ ആശുപത്രി, ദീപ ആശുപത്രി, മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.